പത്തനംതിട്ട :ഏഴംകുളം നെടുമണിൽ മധ്യവയസ്‌കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് (Middle-Aged Man Killed In Ezhamkulam). അടൂർ ഏഴംകുളം നെടുമൺ ഓണവിള പുത്തൻ വീട്ടിൽ അനീഷ് ദത്തന്‍റെ (52) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ അനീഷ് ദത്തന്‍റെ ഇളയ സഹോദരൻ മനോജ് ദത്തൻ (ജോജോ-46), വാണേക്കാട് പള്ളി ബിനു ഭവനിൽ ബിനു (42) എന്നിവരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച (ഒക്‌ടോബർ 24) പുലർച്ചെ രണ്ടിനാണ് അനീഷ് ദത്തനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Ezhamkulam Murder Case). തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്‌ച രാത്രി മൂന്ന് പേരും ചേർന്ന് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ ഇവർ തമ്മിൽ പരസ്‌പരം വഴക്കും അടിപിടിയും ഉണ്ടായതായി അനീഷിന്‍റെ അമ്മ ശാന്തമ്മ അന്വേഷണ സംഘത്തിന് മൊഴിനൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
പിറ്റേന്ന് പുലര്‍ച്ചെ രണ്ടിന് ശാന്തമ്മയാണ് വീട്ടിലെ മുറിയിൽ നിലത്ത് അനീഷിനെ ചലനമറ്റ നിലയിൽ കണ്ടത്. അനീഷും അമ്മയും സഹോദരനും മാത്രമാണ് വീട്ടിൽ താമസം. സംഭവ ദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ച ബിനുവും ഇവിടെ തന്നെയാണ് കിടന്നത്.
തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസിന് വ്യക്തമായിരുന്നു. ജില്ല പൊലീസ് മേധാവി വി അജിത്തിൻ്റെ നിർദേശാനുസരണം അടൂർ ഡിവൈഎസ്‌പി ആർ ജയരാജിൻ്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാർ, എസ് ഐമാരായ ശ്യാമകുമാരി, ജലാലുദ്ദീൻ റാവുത്തർ, സിപിഓമാരായ റോബി ഐസക്ക്, എം ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.