പത്തനംതിട്ട: വെല്ലൂർ മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്‌മിഷൻ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തട്ടിപ്പ് സംഘത്തിലെ ഒരാൾ പിടിയിൽ. കന്യാകുമാരിയിലെ തക്കലയിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി പ്രെയ്‌സ് മോൻ എന്നു വിളിക്കുന്ന റൈനാൾഡ് ടി ജേക്കബിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്‌തത്. പറക്കോട് സ്വദേശിയുടെ പരാതിയിലാണ് അടൂർ പൊലീസിന്‍റെ നടപടി.
എംബിബിഎസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തു; തട്ടിപ്പ് സംഘത്തിലെ ഒരാൾ പിടിയിൽ - എംബിബിഎസ് സീറ്റ്
എംബിബിഎസ് സീറ്റ് ശരിയാക്കി നൽകാം എന്ന് വാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ചു. 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പ് സംഘത്തിലെ ഒരാൾ പിടിയിൽ. പിടിയിലായത് ബിഹാർ സ്വദേശി.
മാവേലിക്കര സ്വദേശിയായ സ്റ്റീഫൻ എന്നയാൾ എംബിബിഎസ് സീറ്റ് ശരിയാക്കി നൽകാം എന്ന് വാഗ്‌ദാനം ചെയ്‌ത് പരാതിക്കാരനെ സമീപിക്കുകയായിരുന്നു. തുടർന്ന്, കന്യാകുമാരി സ്വദേശികളായ മറ്റ് നാല് പേരെ പരിചയപ്പെടുത്തുകയും 60 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും സീറ്റ് തരപ്പെടുത്തി നൽകാതെ വഞ്ചിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപക തട്ടിപ്പ് വെളിച്ചത്തുവന്നത്. ഇതിന് പിന്നാലെയാണ് തട്ടിപ്പ് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതറിഞ്ഞ് പ്രതികൾ ഒളിവിൽ പോയി. പ്രതികൾ വിവിധ സ്ഥലങ്ങളിൽ കുടുംബത്തോടൊപ്പവും അല്ലാതെയും വാടകവീടുകളിലും മറ്റും മാറി മാറി താമസിച്ച് വരികയായിരുന്നു. ഇവർക്കെതിരെ പന്തളം, പാലാ, തൃശൂർ വെസ്റ്റ്, മഹാരാഷ്ട്ര നാഗ്‌പൂർ എന്നിവിടങ്ങളിൽ കേസുകൾ ഉള്ളതായും തട്ടിപ്പിനുപിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അടൂർ ഡി വൈ എസ് പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.