പത്തനംതിട്ട: ലോക്ക് ഡൗൺ കാരണം ബാർബർ ഷോപ്പുകൾ അടച്ചിടതോടെ പലരും പ്രതിസന്ധിയിലാണ്. വളർന്ന് പന്തലിച്ച താടിയും മീശയും വെട്ടിയൊതുക്കാൻ ചിലർ ബുദ്ധിമുട്ടുമ്പോൾ മറ്റു ചിലർ ബുദ്ധിപൂർവം മീശയും താടിയും പൂർണമായും എടുത്ത് മാറ്റിയാണ് കൊവിഡ് കാലത്തെ നേരിട്ടത്. താടിയും മീശയും സ്വന്തം വ്യക്തിത്വത്തിന്‍റെ ഭാഗമായി കൊണ്ടു നടക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാർ. ഒരിക്കല്‍ മനസില്‍ പതിഞ്ഞ മുഖം വോട്ടർമാർ മറക്കാതിരിക്കാൻ രാഷ്ട്രീയക്കാർ പതിനെട്ടടവും പയറ്റുമ്പോഴാണ് കഴിഞ്ഞ നാല്പത് വർഷമായി "പൊന്നു പോലെ" കാത്ത് പരിപാലിച്ച താടിയും മീശയും പൂർണമായും എടുക്കാൻ തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് തീരുമാനിച്ചത്. എംഎല്‍എയുടെ സ്വന്തം സ്റ്റൈിലായിരുന്ന താടിക്കും മീശയ്ക്കും പിന്നില്‍ ഒരു കഥയുണ്ടെന്ന് കൂടി അറിയുമ്പോഴാണ് ന്യൂ ലുക്ക് നാട്ടുകാർക്ക് കൂടുതല്‍ കൗതുകമാകുന്നത്. മാത്യു ടി തോമസിന്‍റെ കോളജ് വിദ്യാഭ്യാസ കാലത്ത് ജനതാ പാർട്ടി അധ്യക്ഷനും പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയുമായ എസ്.ചന്ദ്രശേഖറുടെ മനോഹരമായ താടിയോട് തോന്നിയ ആരാധനയാണ് താടിയും മീശയും നീട്ടി വളർത്താൻ പ്രേരണ ആയതെന്ന് മാത്യു ടി തോമസ് പറയുന്നു. പിന്നീട് അങ്ങോട്ട് നീട്ടി വളർത്തിയ താടി മാത്യു ടി തോമസെന്ന വ്യക്തിയുടെ മുഖമുദ്രയായി മാറി. ഇപ്പോൾ ക്ലീൻ ഷേവിലേക്ക് മാറുന്നതിനും ഒരു കാരണമുണ്ട്..
ആളുമാറിയതല്ല, എംഎല്‍എയുടെ ന്യൂ ലുക്കാണ്: തിരുവല്ലയില്‍ ചെറിയ "കൺഫ്യൂഷൻ" - mathew t thomas in new look
നാല് പതിറ്റാണ്ട് കാലത്തിലേറെയായി മാത്യു ടി തോമസ് എംഎല്‍എ "പൊന്നു പോലെ" കാത്ത് പരിപാലിച്ച മീശയും താടിയും എടുത്ത് മാറ്റിയപ്പോൾ തിരുവല്ലക്കാർക്ക് ആകെ കൺഫ്യൂഷൻ. കൊവിഡ് കാലത്തെ ഭാവപ്പകർച്ചയില്‍ നാട്ടുകാരും പൊലീസും ആദ്യം അമ്പരന്നെങ്കിലും പിന്നീട് എംഎല്‍എ തന്നെ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എല്ലാം ഓകെയായി.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം സഞ്ചരിക്കുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. നീട്ടി വളർത്തിയ താടി വേഗത്തില്‍ വൈറസ് ബാധയേല്‍ക്കാൻ കാരണമായേക്കാമെന്ന ആരോഗ്യ പ്രവർത്തകരുടെ സ്നേഹപൂർവമായ മുന്നറിയിപ്പാണ് താൽക്കാലികമായി താടി നീക്കം ചെയ്യാൻ കാരണമെന്ന് മാത്യു ടി തോമസ് എംഎൽഎ പറയുന്നു. പുതിയ രൂപത്തിൽ തന്നെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തിരിച്ചറിയുന്നതിൽ ആദ്യം അൽപ്പമൊന്ന് കുഴഞ്ഞെന്നും പിന്നീട് അത് അമ്പരപ്പായി മാറിയെന്നും മാത്യു ടി തോമസ് തമാശയായി പറയുന്നുണ്ട്.