പത്തനംതിട്ട : ചരിത്രമുറങ്ങുന്ന മണ്ണടി അരവയ്ക്കൽ ചാണി ഗുഹയെ പുനരുജ്ജീവിപ്പിക്കാൻ നാട്ടുകാരുടെ ശ്രമം. വേലുത്തമ്പി ദളവയുടെ വീരമൃത്യു കൊണ്ട് പ്രസിദ്ധമായ കടമ്പനാട് പഞ്ചായത്തിലെ മണ്ണടിക്ക് സമീപമാണ് മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഐതീഹ്യമുള്ള അരവയ്ക്കൽ ചാണി ഗുഹ. ദേശക്കല്ലും മുട് ഡബ്ലിയുഎൽപി സ്കൂളിന് സമീപം കാട് കയറി നാശത്തിന്‍റെ വക്കിലായിരുന്ന ചരിത്ര സ്മാരകത്തെ പൈത്യക സംരക്ഷണ സമിതിയുടെ നേത്യത്വത്തിലാണ് നവീകരിക്കാൻ ശ്രമം നടക്കുന്നത്. ആറ് അടി ചുറ്റളവിൽ 10 അടി താഴ്ച്ചയിൽ കിണറിന് സമാനമായ ഗുഹാമുഖവും അതിവിശാലമായ ഉള്ളറയുമാണ് അരവയ്ക്കൽ ചാണി ഗുഹക്കുള്ളത്. ഗുഹക്ക് നാല് കിലോമീറ്റർ ദൈർഘ്യം ഉണ്ടെന്നാണ് കരുതുന്നത്.
പുനരുജ്ജീവനം തേടി അരവയ്ക്കൽ ചാണി ഗുഹ - veluthambi-dhalava
ടൂറിസം പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും ഗുഹ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യം
ഗുഹാമുഖം ഇരിക്കുന്ന ഭാഗം അരക്കില്ലം ആയിരുന്നുവെന്നും അത് അഗ്നിക്ക് ഇരയാക്കിയപ്പോൾ പാണ്ഡവർ രക്ഷപ്പെട്ടത് ഈ ഗുഹയിലൂടെയാണെന്നുമാണ് ഐതീഹ്യം. ഇരുമ്പിന്‍റെ അംശമുള്ള ചീങ്ക കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഗുഹ മണ്ണ് നിറഞ്ഞും ചീങ്കൽ പാളികൾ അടർന്ന് നാശോന്മുഖമാണ്. വേലുത്തമ്പി സ്മാരകം, മ്യൂസിയം, കമ്പിത്താൻ കടവ്, വേലുത്തമ്പി സ്മാരക മ്യൂസിയം, മണ്ണടി ക്ഷേത്രം, കന്നിമല, അവയ്ക്കൽ ചാണി ഗുഹ തുടങ്ങിയ പൈതൃക സ്മാരകങ്ങളെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും ഗുഹ സർക്കാർ ഏറ്റെടുത്ത് ഉദ്ഘാടനം നടത്തി ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.