പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് അഞ്ചുവർഷം തടവുശിക്ഷ. പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനിൽ സിജോ രാജു(30) വിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്‌ജി ജയകുമാർ ജോണാണ് വിധി പ്രസ്‌താവിച്ചത്.
അതിക്രമിച്ചുകടന്നതിന് അഞ്ചുവർഷം തടവും 40,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടുവർഷം തടവും 20,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചതിന് മൂന്നുവർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്.
2016 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. രാത്രിയിൽ പെൺകുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. അർധരാത്രിയോടെ ആരോ ശരീരത്തില്‍ പിടിക്കുന്നത് മനസ്സിലാക്കിയ പെൺകുട്ടി ഞെട്ടിയുണർന്ന് നോക്കുമ്പോൾ കണ്ടത് സിജോ കട്ടിലിൽ ഇരിക്കുന്നതാണ്.
Also Read:അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി
ഭയന്നുപോയ പെൺകുട്ടിയും അമ്മയും ബഹളംവച്ചതിനെത്തുടർന്ന് ഇയാൾ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഏനാത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌സണ്‍ മാത്യൂസ് ഹാജരായി.