പത്തനംതിട്ട:കാക്കി പാന്‍റും കറുത്ത ഷൂസും ധരിച്ച് സ്‌കൂട്ടറിൽ കറങ്ങും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി 'പെറ്റി' അടി. തിരുവല്ലയിൽ പൊലീസ് ചമഞ്ഞ് വഴിയാത്രക്കാരുടെ പണവും സ്വർണാഭരണവും കവര്‍ന്നയാള്‍ പിടിയില്‍.
ചെങ്ങന്നൂർ ഇടനാട് സ്വദേശി അനീഷ് കുമാർ പി.ബി ആണ് (36) അറസ്റ്റിലായത്. പൊലീസ് ചമഞ്ഞ് സ്‌കൂട്ടർ യാത്രികനെ തടഞ്ഞുനിർത്തിയശേഷം പോക്കറ്റിൽ നിന്നും 5,000 രൂപയും ധരിച്ചിരുന്ന ഒരു ഗ്രാം സ്വർണ കമ്മലും കവർന്ന കേസിലാണ് അറസ്റ്റ്. ഞായറാഴ്‌ച രാവിലെ 10.30ന് വളഞ്ഞവട്ടം ബിവറേജിന് സമീപം അച്ചൻപടി റോഡിലാണ് സംഭവം.
കാക്കി പാന്‍റും ധരിച്ച് സ്‌കൂട്ടറില്‍ കറക്കം:വളഞ്ഞവട്ടം സ്വദേശി വിജയനാണ് (60) കവർച്ചക്കിരയായത്. വിജയൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തിയ പ്രതി തന്‍റെ സ്‌കൂട്ടർ കുറുകെ വച്ച് വിജയന്‍റെ സ്‌കൂട്ടർ തടഞ്ഞുനിർത്തി. ഇതിന് ശേഷം വിജയനോട് വാഹനത്തിന്‍റെ രേഖകൾ ആവശ്യപ്പെട്ടു.
രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞതോടെ പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിജയന്‍റെ ഷർട്ടിന്‍റെ പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപയും കാതിൽ ധരിച്ചിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കമ്മലും കൈക്കലാക്കി. സ്റ്റേഷനിലേക്കെന്ന വ്യാജേനെ സ്‌കൂട്ടറില്‍ കയറ്റിയ ശേഷം വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കി വിട്ടു.