പത്തനംതിട്ട: പരുമല നാക്കടയില്‍ കുടുംബവഴക്കിന്‍റെ പേരിൽ മാതാപിതാക്കളെ മകൻ വെട്ടികൊലപ്പെടുത്തിയ സംഭവം ആസൂത്രിത്രമെന്ന് പൊലീസ്. കൃത്യം നടത്താനായി പ്രതി അനില്‍ അഞ്ചുമാസം മുന്‍പേ ആയുധം വാങ്ങിയിരുന്നതായും മാതാപിതാക്കളെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്നും തിരുവല്ല ഡിവൈഎസ്‌പി അര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെയാണ് പുളിക്കീഴ് പരുമല നാകട ആശാരിപ്പറമ്പിൽ അനിൽകുമാർ (51) മാതാപിതാക്കളായ കൃഷ്‌ണൻ കുട്ടി (76), ശാരദ (73) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
തന്‍റെ കുടുംബ ജീവിതം തകര്‍ത്തത് അച്ഛനും അമ്മയും ആണെന്നാണ് പ്രതിയുടെ വാദം. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. 14 വർഷം മുൻപാണ് അനിലിന്‍റെ വിവാഹം നടന്നത്. ഒരു മാസം മാത്രമാണ് ഇവർ ഒരുമിച്ചു താമസിച്ചത്. പിന്നീട് വിവാഹ ബന്ധം വേർപ്പെടുത്തി. താമസിയാതെ മറ്റൊരു വിവാഹം നടത്തിക്കൊടുക്കാമെന്ന് പിതാവ് അനിൽകുമാറിനോട് പറഞ്ഞതായി നാട്ടുകാർ പറയുന്നു.
കൂലി പണി ചെയ്‌തുവന്ന അനിൽ ഇതിനിടെ ആത്മഹത്യക്കും ശ്രമിച്ചരുന്നു. പിതാവുമായി നല്ല സ്‌നേഹത്തിൽ അല്ലാതിരുന്നതിനാൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിന് സമീപമുള്ള ബന്ധുവിന്‍റെ വീട്ടിൽ അനിൽ വർഷങ്ങളായി തനിച്ചാണ് താമസിച്ചിരുന്നത്. മൂന്ന് മാസം മുൻപ് അനിൽ മാതാപിതാക്കളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
അന്ന് നാട്ടുകാർ ഇടപെട്ടതിനാൽ അപകടം ഒഴിവായി. എന്നാൽ മാതാപിതാക്കളെ കൊല്ലുമെന്ന് അനിൽ ഭീഷണിപ്പെടുത്തി. ഇതിനെ തുടന്ന് മാതാപിതാക്കൾ ഈ വീട്ടിൽ നിന്നും മാറി മറ്റൊരു വാടക വീട്ടിൽ ആയിരുന്നു താമസം. മാസങ്ങൾക്ക് മുൻപ് പരുമലയിൽ നിന്നും ഇയാൾ കത്തി വാങ്ങി കരുതി വച്ചിരുന്നതായാണ് പൊലീസ് അറിയിച്ചത്.