പത്തനംതിട്ട:ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. കലഞ്ഞൂർ കുടുത്ത കനാൽ ഭാഗം സ്വദേശി അനന്തുവാണ് (27) കൊല്ലപ്പെട്ടത്. കേസിൽ കലഞ്ഞൂർ കുടുത്ത കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കൊച്ചുപൊന്നി എന്ന് വിളിക്കുന്ന ശ്രീകുമാറിനെയാണ് (37) കൂടൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ച കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാരുവേലിൽ കനാലിലാണ് അനന്തുവിന്‍റെ മൃതദേഹം കണ്ടത്. ഇരുവരും തമ്മിൽ മുൻപ് വാക്കുതർക്കമുണ്ടായതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഞായറാഴ്‌ച റബ്ബർ പ്ലാന്‍റേഷൻ തോട്ടത്തിലിരുന്ന് അനന്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചു.
കൊലപാതകം ആസൂത്രിതം: ഈസമയം അവിടെയെത്തിയ ശ്രീകുമാർ കൂട്ടുകാർ പോകുന്നവരെ കാത്തുനിന്നു. സുഹൃത്തുക്കൾ മടങ്ങിയശേഷം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അനന്തുവിനെ പിന്നിലൂടെയെത്തിയ പ്രതി കമ്പിവടികൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. തുടർന്ന് മരണമുറപ്പാക്കിയ പ്രതി മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ച് കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.
ഞായറാഴ്‌ച വൈകിട്ട് 7.30ന് ശേഷം അനന്തുവിനെ കാണാതാകുന്നത്. തുടർന്ന് തിങ്കളാഴ്‌ച അനന്തുവിന്‍റെ പിതാവ് രാജൻ കൂടൽ സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തിരോധാനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ ചൊവ്വാഴ്‌ചയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.
രക്തത്തുള്ളികൾ വഴിത്തിരിവായി: സ്ഥലത്തുകണ്ട രക്തത്തുള്ളികളിൽ സംശയം തോന്നിയ പൊലീസ്, അത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൂടൽ പൊലീസ് ഇൻക്വസ്‌റ്റ് തയ്യാറാക്കി മൃതദേഹം പരിശോധിച്ചപ്പോൾ, ഇടതു ചെവിക്ക് താഴെ തലയുടെ പുറകിൽ 10 സെന്‍റീമീറ്റർ വലിപ്പത്തിലുള്ള ഒരു മുറിവും അതിനോട് ചേർന്ന് സമാനമായ രണ്ടു മുറിവുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴരയോടുകൂടി അനന്തുവും സമീപവാസിയായ ശ്രീകുമാറും തമ്മിൽ വീടിനു സമീപം വഴക്കുണ്ടായതായി നാട്ടുകാരിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.