പത്തനംതിട്ട:ജില്ലയില്‍ എലിപ്പനി ബാധിച്ച് വയോധികൻ മരിച്ചു. അടൂർ പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജൻ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ചയാണ് മരണം സംഭവിച്ചത്.
ഒരാഴ്‌ചയായി ഇദ്ദേഹത്തിന് പനിയും ശരീര വേദനയുമുണ്ടായിരുന്നു. തുടർന്ന് വ്യാഴാഴ്‌ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരുവയസുള്ള പെൺകുഞ്ഞ് വെള്ളിയാഴ്‌ച മരിച്ചിരുന്നു. കോന്നി ആങ്ങമൂഴി പുന്നയ്‌ക്കല്‍ സുമേഷിന്‍റെയും പ്രിയയുടെയും മകൾ അഹല്യയാണ് മരിച്ചത്.
കാലവർഷം ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകി.
ഡെങ്കിപ്പനി പേടിയില്‍ സംസ്ഥാനം:കാലവര്‍ഷം പൂര്‍ണമായും ശക്തി പ്രാപിക്കുന്നതിനുമുമ്പ് തന്നെ സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. സര്‍ക്കാറിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ജൂൺ ആദ്യ രണ്ട് ആഴ്‌ചകളില്‍ 523 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 1636 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയും തേടിയിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രിയിലെ കണക്കുകൂടി പരിശോധിച്ചാല്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്ന് ഉറപ്പാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവും ഇക്കാലയളവില്‍ സംഭവിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. മാലിന്യസംസ്‌കരണം അടക്കം പ്രതിസന്ധി നേരിടുന്ന എറണാകുളം ജില്ലയില്‍ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 174 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 603 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയും തേടിയിരുന്നു.
ഡെങ്കിപ്പനി പടര്‍ത്തുന്നത് പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന ഈഡിസ് ഈജിപ്‌റ്റി, ഈഡിസ് അല്‍ബോപിക്‌റ്റസ് തുടങ്ങിയ കൊതുകുകളാണ്. രോഗബാധിതരില്‍ ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ തന്നെ ഇത് കൊതുകുകളിലേക്ക് പകരും. ഒരിക്കല്‍ വൈറസ് കൊതുകിന്‍റെ ഉള്ളിലെത്തിയാല്‍ അത് ജീവനുള്ള കാലത്തോളം നിലനില്‍ക്കുകയും ചെയ്യും.
മുട്ടയിലേക്ക് ഈ വൈറസ് എത്തുന്നതിനാല്‍ പിന്നാലെ പെരുകുന്ന കൊതുകുകളിലും ഈ വൈറസ് നിലനില്‍ക്കും. ശുദ്ധജലത്തിലാണ് ഈ കൊതുകുകള്‍ പെരുകുന്നത്. പ്രധാന പ്രതിരോധ മാര്‍ഗം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയെന്നതാണ്.
പകര്‍ച്ചപ്പനിയും വ്യാപകം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നുണ്ട്. എലിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
30 പേര്‍ക്കാണ് സംസ്ഥാനത്ത് ജൂൺ ആദ്യം എലിപ്പനി സ്ഥിരീകരിച്ചത്. 66 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയും തേടിയിരുന്നു. കാലവര്‍ഷം കൂടി ശക്തി പ്രാപിക്കുന്നതോടെ ഈ കണക്കുകള്‍ ഇനിയും ഉയരാനും സാധ്യതയുണ്ട്. കാലവര്‍ഷ കെടുതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കടക്കം ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമ്പോള്‍ പകര്‍ച്ച പനിയടക്കം പെരുകാനുള്ള സാധ്യത കൂടുതലാണ്.