പത്തനംതിട്ട:സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം പോരുവഴി ഇടക്കാട് സ്വദേശി അഖിൽ വി (23) ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
ആറ് മാസം മുമ്പാണ് പതിനേഴുകാരിയെ ഇയാള്‍ സാമൂഹിക മാധ്യമം വഴി പരിചയപ്പെടുന്നത്. തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെയും ഫോൺ മുഖേനയും സൗഹൃദം സ്ഥാപിച്ച ശേഷം നേരിൽ കാണണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ പെണ്‍കുട്ടിയേയും കുടുംബത്തേയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി:മെയ് മാസത്തിൽ വീട്ടിൽ അതിക്രമിച്ച കയറിയ പ്രതി പെൺകുട്ടിയുടെ മൊബൈല്‍ഫോണിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെടുക്കുകയും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്‌തു. ബഹളം വച്ച പെൺകുട്ടിയോട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.