പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനത്തിനായി വ്യാഴാഴ്‌ച (30.12.21 ) വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കും. മണ്ഡലപൂജയ്ക്ക് ശേഷം ഡിസംബര്‍ 26ന് നട അടച്ചിരുന്നു. വ്യാഴാഴ്‌ച നട തുറക്കുമെങ്കിലും വെള്ളിയാഴ്‌ച പുലര്‍ച്ചെ മുതലാണ് ദര്‍ശനത്തിന് അനുമതിയുള്ളത്.
ജനുവരി 14നാണ് മകരവിളക്ക്
ജനുവരി 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തര്‍ ശബരിമലയിലെത്തുമെന്നാണ് വിലയിരുത്തല്‍. അതേസമയം ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കൂടെക്കരുതേണ്ടതാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
നിലയ്‌ക്കലും എരുമേലിയിലും സ്‌പോട്ട് ബുക്കിങ്
നിലയ്ക്കലും എരുമേലിയിലും സ്‌പോട്ട് ബുക്കിങ്ങിന് അവസരമുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം കാനന പാതയിലൂടെ വീണ്ടും തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്.
എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന സംഘം ഈ പാതയില്‍ പരിശോധന നടത്തും. ശേഷം തീര്‍ഥാടകര്‍ക്കായി പാത തുറന്നുനല്‍കും.
കാനനപാതയില്‍ യാത്ര സമയത്തിന് നിയന്ത്രണമുണ്ട്.
കോഴിക്കാല്‍ക്കടവില്‍ നിന്നും പുലര്‍ച്ചെ 5.30 നും 10.30 ഇടയില്‍ കാനന പാതയിലൂടെ പോകാം. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും.
തീര്‍ഥാടകര്‍ക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കു. വൈകിട്ട് അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.
വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ സൗകര്യമാരുക്കിയിട്ടുണ്ട്. വനം വകുപ്പിന്‍റെ എട്ട് ഇടത്താവളങ്ങളില്‍ കടകളും ലഘുഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനം ഒരുക്കിയിട്ടുണ്ട്.
മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കും.
Also Read: ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുന്നു.. ദൃശ്യങ്ങൾ.. മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനം
ആഴിയും നെയ്‌തോണിയുമെല്ലാം ഫയര്‍ഫോഴ്‌സിന്‍റെയും വിശുദ്ധി സേനയുടെയും നേതൃത്വത്തില്‍ കഴുകി വൃത്തിയാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ ദേവസ്വം ബോര്‍ഡിന്‍റെ ഔഷധകുടിവെള്ള വിതരണമുണ്ടാകും. പാതയിലുടനീളം ജല അതോറിട്ടിയുടെ പ്പൈപ്പുകളിലൂടെയും കുടിവെള്ളം ലഭ്യമാണ്.