പത്തനംതിട്ട:മകരവിളക്ക് ദർശനത്തിന് ശേഷം സന്നിധാനത്ത് നിന്ന് പമ്പയിലെത്തിയ തീർഥാടകർക്ക് യാത്ര ക്രമീകരണമൊരുക്കിയതിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ചത് 31 ലക്ഷം രൂപ. മകരവിളക്ക് ദർശനശേഷമുള്ള ഭക്തരുടെ മടക്കത്തിലൂടെ ശനിയാഴ്‌ച അർധരാത്രി മുതൽ ഞായറാഴ്‌ച അർധരാത്രി വരെയുള്ള കണക്കാണിത്. കുറ്റമറ്റരീതിയിലായിരുന്നു കെഎസ്ആർടിസി തീർഥാടകരുടെ മടക്കയാത്രക്കായുള്ള ബസുകളുടെ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസ്.
തടസ്സങ്ങൾ ഒന്നുമില്ലാതെ നേരം പുലരുന്നതിനു മുൻപ് പരമാവധി തീർഥാടകരെ പമ്പയിൽ നിന്നു മടക്കി അയക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. മകരവിളക്ക് ദർശനത്തിനുശേഷവും തൊട്ടടുത്ത ദിവസവുമായി 996 ദീർഘദൂര സർവീസുകൾ പമ്പയിൽ നിന്ന് നടന്നു. മറ്റ് ഡിപ്പോകളിലെ കെഎസ്ആർടിസിയുടെ സർവീസുകളും അധിക വരുമാനം നേടി കൊടുത്തു.