പത്തനംതിട്ട : മകരവിളക്ക് ദർശനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ അയ്യപ്പ ഭക്തരുടെ തിരക്ക് മുൻകൂട്ടിക്കണ്ട് സന്നിധാനത്തും പാണ്ടിത്താവളത്തും ക്രമീകരണങ്ങൾ വരുത്താൻ തീരുമാനം. ശബരിമലയിൽ എ.ഡി.എം അർജുന്‍ പാണ്ഡ്യന്‍റെ അധ്യക്ഷതയിലായിരുന്നു ഉന്നതതല യോഗം.
സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി സന്നിധാനത്തെ വ്യൂ പോയിന്‍റുകളിൽ ബാരിക്കേഡ് സ്ഥാപിക്കും. ശൗചാലയങ്ങളുടെ സൗകര്യം വർധിപ്പിക്കും. ആരോഗ്യവിഭാഗം, ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ് എന്നിവരുടെ സേവനം പ്രധാനപ്പെട്ട വ്യൂപോയിന്‍റുകളിൽ ഉറപ്പാക്കും. സന്നിധാനത്തിന് പുറമേയുള്ള വ്യൂ പോയിന്‍റുകളും കണ്ടെത്തി അവിടെ ഭക്തർക്ക് മകരജ്യോതി ദർശിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മകരവിളക്ക് സമയത്ത് ജോലിക്ക് നിയോഗിക്കുന്ന പൊലീസിന്‍റെ പുതിയ ബാച്ച് ഈ മാസം ഒമ്പതിന് ചുമതലയേൽക്കും. 12-ാം തിയ്യതിയോടെ മകരവിളക്കിന് മുന്നോടിയായി എല്ലാവിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും. കൂടുതൽ പൊലീസിനെയും സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിക്കുമെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫിസർ ബി.അജിത്ത്കുമാർ പറഞ്ഞു.