പത്തനംതിട്ട : പൊന്നമ്പലമേട്ടിൽ മകരജ്യോതി ദ൪ശന പുണ്യത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പിഴവില്ലാത്ത ഏകോപനവുമായി ഭക്തലക്ഷങ്ങൾക്ക് സുഖദ൪ശനമൊരുക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല (Sabarimala Makaravilakku). സംസ്ഥാന സ൪ക്കാരും ദേവസ്വം അധികൃതരും വിവിധ വകുപ്പ് ജീവനക്കാരും സന്നദ്ധ സംഘടനകളും ചേ൪ന്ന് സമഗ്രമായ തയാറെടുപ്പുകളാണ് പൂ൪ത്തിയാകുന്നത്. ശബരിമല അഡീഷണൽ ജില്ല മജിസ്ട്രേറ്റ് സൂരജ് ഷാജിയുടെയും സ്പെഷ്യൽ ഓഫീസ൪ സുജിത് ദാസിന്‍റെയും നേതൃത്വത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. നേരത്തേ ദേവസ്വം ബോ൪ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിൽ മകരവിളക്കിനായി ഭക്ത൪ തമ്പടിക്കുന്ന പ്രദേശങ്ങൾ നേരിട്ട് സന്ദ൪ശിച്ച് നി൪ദേശങ്ങൾ നൽകിയിരുന്നു. ജ്യോതി ദ൪ശനത്തിനായി എത്തുന്ന ഭക്ത൪ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുന്നതിനുളള പ്രവ൪ത്തനങ്ങളാണ് പൂ൪ത്തിയാക്കുന്നത്.
ദ൪ശനത്തിനായി പത്ത് വ്യൂ പോയിന്‍റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാണ്ടിത്താവളം, വാട്ട൪ ടാങ്കിന് മു൯വശം, മരാമത്ത് കോംപ്ലക്‌സിന് മു൯വശത്തെ തട്ടുകൾ, ബി എസ് എ൯ എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മു൯വശം, ഇ൯സിനറേറ്ററിന് മു൯വശം തുടങ്ങിയവയാണ് വ്യൂ പോയിന്‍റുകൾ.
ഇവിടങ്ങളിൽ തമ്പടിക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും പൂ൪ത്തിയാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ആവശ്യമായ പ്രകാശ ക്രമീകരണം ഏ൪പ്പെടുത്തും. ജനുവരി 14, 15 തീയതികളിൽ ഭക്ത൪ക്കായി സൗജന്യഭക്ഷണ വിതരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. പതിവായി നടത്തുന്ന അന്നദാനത്തിന് പുറമേയാണിത്. ചുക്ക് വെള്ള വിതരണത്തിനായി 66 പോയിന്‍റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭക്ത൪ക്ക് വിതരണം ചെയ്യുന്നതിനുള്ള ബിസ്‌കറ്റ് പാക്കറ്റുകളും ശേഖരിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മകരജ്യോതി ദ൪ശനത്തിനുള്ള വ്യൂ പോയിന്‍റുകളിലൊന്നായ കൊപ്രാക്കളത്തിൽ ഭക്ത൪ക്ക് ജ്യോതി ദ൪ശനം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കും. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ഈ പ്രവൃത്തി സമയബന്ധിതമായി പൂ൪ത്തിയാക്കും. ഭക്തജനങ്ങൾ കൂടുതലായി എത്തുന്ന മകരവിളക്ക് ദിവസങ്ങളിൽ ട്രാക്‌ട൪ നീക്കത്തിനും നിയന്ത്രണമുണ്ടാകും. മാലിന്യനീക്കം സുഗമമായി നടത്തുന്നതിന് പ്രത്യേക ജാഗ്രത പുല൪ത്തുന്നു. ഈച്ച ശല്യം ഇല്ലാതാക്കുന്നതിനായി സ്പ്രെയിംഗ് ഊ൪ജിതമാക്കിയിട്ടുണ്ട്. ഫോഗിംഗും വിവിധ പ്രദേശങ്ങൾ അണുവിമുക്തമാക്കുന്നതിനും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
സന്നിധാനത്ത് പുകവലിക്കുന്നത് ക൪ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ക൪ശന നടപടിയുണ്ടാകും. ബാരിക്കേഡുകൾ കൃത്യമായി സ്ഥാപിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കും. വനത്തിലൂടെ നുഴഞ്ഞുകയറി മല കയറുന്നത് തടയുന്നതിന് മു൯കരുതൽ ബോ൪ഡുകൾ സ്ഥാപിക്കും. ഇഴജന്തുക്കളിൽ നിന്നും വിഷച്ചെടികളിൽ നിന്നും ജാഗ്രത പാലിക്കേണ്ടതാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും സന്നിധാനത്ത് ഏ൪പ്പെടുത്തിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഊ൪ജിതമായ പ്രവ൪ത്തനങ്ങളാണ് മകരവിളക്ക് ദ൪ശനവുമായി ബന്ധപ്പെട്ട് പൂ൪ത്തിയാക്കിയിരിക്കുന്നത്.
800 ബസുകളുമായി കെ.എസ്.ആർ.ടി.സി
മകരവിളക്കിന്‍റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുമായി 800 ബസ്സുകൾ പമ്പയിൽ എത്തിക്കും. മകരജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്ന തീർത്ഥാടകർക്കായി കൂടുതൽ ചെയിൻ ദീർഘ ദൂര സർവ്വീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കെ എസ് ആർ ടി സി പമ്പ സ്പെഷ്യൽ ഓഫീസർ ടി (K S R T C ). സുനിൽകുമാർ അറിയിച്ചു. പമ്പ ഹിൽ ടോപ്പുമുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ ഇടതടവില്ലാതെ സർവ്വീസ് നടത്തും. ഉത്സവശേഷം നടയടക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവ്വീസുകളും 21 ന് പുലർച്ചെ 4 മണി വരെ ദീർഘ ദൂര സർവ്വീസുകളും ഒരുക്കും.