പത്തനംതിട്ട:അടൂര്‍ ഇളമണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. ടാര്‍ മിക്‌സിങ് ലോഡുമായെത്തിയ ലോറിക്കാണ് തീപിടിച്ചത്. ലോറിയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ചയുണ്ടായി. ഇതോടെ പിന്നാലെയെത്തിയ പിക്കപ്പ് വാനും ഇരുചക്ര വാഹനങ്ങളും സമീപത്തെ അഴുക്ക് ചാലിലേക്ക് തെന്നിമാറി.
അടൂരില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു ഇന്ന് രാവിലെ എട്ട് മണിയോടെ കിന്‍ഫ്ര റോഡിലാണ് സംഭവം. ലോറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവറും സഹായിയും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ലോറിയുടെ ഹൈഡ്രോളിക് ഓയില്‍ ടാങ്ക് പൊട്ടി ചോര്‍ച്ചയുണ്ടായി. ടാര്‍ മിശ്രിതത്തിന്‍റെ ചൂട് കാരണം ഓയിലിന് തീപിടിച്ചു. ഇതോടെ ഡീസൽ ടാങ്കിൻ്റെ അടപ്പ് ഊരി തെറിക്കുകയും തീ ആളിപടരുകയുമായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അടൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൊല്ലം ചവറ പുത്തൻചന്ത സ്വദേശി അൻസാര്‍ എന്നയാളുടെ ഉടമസ്ഥതയിലുളള ടിപ്പറാണിത്. ചാത്തന്നൂർ സ്വദേശി രതീഷ് ആണ് വാഹനം ഓടിച്ചിരുന്നത്.
ടിപ്പർ ലോറി ഡ്രൈവർ ജനവാസ മേഖലയിൽ ആൾതിരക്ക് കുറഞ്ഞ ഭാഗത്ത് വാഹനം നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിൽ ഉണ്ടാകേണ്ടിയിരുന്ന പ്രവർത്തനക്ഷമമായ അഗ്നിശമന സംവിധാനം ഇല്ലാതിരുന്നതാണ് ആരംഭഘട്ടത്തിൽ തീ അണയ്ക്കാൻ സാധിക്കാതെ വന്നതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ റെജി കുമാർ, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ നിയാസുദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അരുൺജിത്ത്, പ്രദീപ് , ലിജി കുമാർ, സൂരജ്, അഭിലാഷ്, സജാദ്, ഹോം ഗാർഡുമാരായ അനിൽ കുമാർ, ശ്രീകുമാർ, വേണു ഗോപാൽ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.