പത്തനംതിട്ട:തിരുവല്ല പുളിക്കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തിവെച്ചു. ഇതോടെ ബിവറേജസ് വിൽപ്പന ശാലകളിൽ ഏറെ ആവശ്യക്കാരുള്ള ജവാൻ റമ്മിന്‍റെ വിൽപ്പനയും അവതാളത്തിലാകും.
എക്സൈസ് എന്‍ഫോഴ്‌സ്മെന്‍റ് സ്‌ക്വാഡിന്‍റെ പരിശോധനയിൽ ഇവിടേക്കെത്തിച്ച സ്‌പിരിറ്റിൽ വൻ വെട്ടിപ്പ് കണ്ടെത്തുകയും ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലാകുകയും ചെയ്‌ത സാഹചര്യത്തിലാണ് താത്കാലികമായി ഫാക്‌ടറിയിൽ മദ്യ ഉത്പാദനം നിർത്തിവച്ചത്. ഇവിടെ എത്തിച്ച സ്‌പിരിറ്റ് മോഷണം നടത്തിയ കേസില്‍ പ്രതിയായ ജനറല്‍ മാനേജർ ഉൾപ്പെടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവിലാണ്.
ജവാൻ റം നിര്‍മിക്കുന്നതിനായി എത്തിച്ച 20,386 ലിറ്റര്‍ സ്‌പിരിറ്റാണ് കാണാതായത്. സ്‌പിരിറ്റ് ചോര്‍ത്തി വിറ്റതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥ സംഘമാണെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്മെന്‍റ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. കേസില്‍ ഏഴ് പ്രതികളാണുള്ളത്. ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.