പത്തനംതിട്ട:ജില്ലയില്‍ റവന്യു വകുപ്പിലെ എല്‍ഡി ക്ലാര്‍ക്ക് നിയമനം വിവാദത്തില്‍. അന്വേഷണത്തിന് ഉത്തരവിട്ട് കലക്‌ടർ ദിവ്യ എസ് അയ്യർ. 25 പേരെ നിയമിച്ചതില്‍ രണ്ട് പേര്‍ക്ക് മാത്രം നിയമന ഉത്തരവ് നേരത്തെ ലഭിച്ചു. ഈ മാസം 18നാണ് പത്തനംതിട്ട ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യര്‍ 25 പേരുടെ നിയമനത്തിന് ഉത്തരവിട്ടിരുന്നത്.
എന്നാല്‍, അടൂര്‍ താലൂക്ക് ഓഫിസില്‍ നിയമനം കിട്ടിയിട്ടുള്ള രണ്ടു പേര്‍ക്ക് മാത്രം ഉത്തരവ് നേരിട്ട് കൈമാറിയെന്നാണ് ആരോപണം. ഇവര്‍ 21ന് ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, 23ന് മാത്രമാണ് മറ്റുള്ളവര്‍ക്ക് നിയമന ഉത്തരവ് തപാലിലൂടെ അയച്ചത്.
ജീവനക്കാരുടെ സംഘടനയായ ജോയിന്‍റ് കൗണ്‍സിലിലെ ചില നേതാക്കന്മാരുടെ ഇടപെടലാണ് ക്രമക്കേടിനു പിന്നിലെന്നാണ് ആരോപണം. നിയമനം ലഭിച്ച എല്ലാവര്‍ക്കും ഒരേപോലെ രജിസ്‌ട്രേഡ് തപാലില്‍ ഉത്തരവ് അയയ്ക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഇത്. സംഭവത്തില്‍ ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർ അന്വേഷണത്തിന് ഉത്തരവിട്ടു.
സംസ്ഥാനത്ത് നിയമന മാഫിയ പ്രവർത്തിക്കുന്നുവെന്ന് കെ സുരേന്ദ്രൻ:സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നതിന്‍റെ തെളിവാണ് പത്തനംതിട്ടയിലെ എല്‍ ഡി ക്ലാർക്ക് നിയമനം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തൃശൂരിൽ പറഞ്ഞു. ജില്ല കലക്‌ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും സർക്കാർ അരാജകത്വം എല്ലാ മേഖലയിലും വ്യാപകമാണെന്നും കലക്‌ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്‌ത സംഭവത്തിൽ റവന്യു മന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also read:'സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ പിടിമുറുക്കുന്നു'; പത്തനംതിട്ടയിലെ എല്‍ഡി ക്ലാർക്ക് വിവാദത്തില്‍ കെ സുരേന്ദ്രന്‍