കേരളം

kerala

ETV Bharat / state

ളാഹ ബസപകടം; ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠന്‍ തിരികെ ജീവിതത്തിലേക്ക് - മണികണ്ഠന്‍ തിരികെ ജീവിതത്തിലേക്ക്

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്‌ചാര്‍ജ് ചെയ്തു

ളാഹ വാഹനാപകടം  ശബരിമല  ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം  SABARIMALA PILGRIMS BUS ACCIDENT IN LAHA  ളാഹ ബസപകടം  മണികണ്ഠന്‍ തിരികെ ജീവിതത്തിലേക്ക്  LAHA BUS ACCIDENT injured Manikandan back to life
ളാഹ ബസപകടം പരിക്കേറ്റ മണികണ്ഠൻ സുഖംപ്രാപിച്ചു

By

Published : Dec 15, 2022, 10:51 PM IST

പത്തനംതിട്ട:ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്‌ചാര്‍ജ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെ മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്‌ണ റാവുവും വിളിച്ച് സന്തോഷം പങ്കുവച്ചു.

നാട്ടില്‍ പോലും ലഭിക്കാത്ത വിദഗ്‌ധ ചികിത്സയും പരിചരണവുമാണ് ഇവിടെ ലഭ്യമായതെന്ന് പിതാവ് പറഞ്ഞു. അതിന് സഹായിച്ച മന്ത്രിയോടും ഡോക്‌ടര്‍മാരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ നിന്നും മകനെ ജീവിത്തിലേക്ക് മടക്കി തന്നതില്‍ ഏറെ നന്ദിയുണ്ടെന്നും നാഗ വെങ്കിട്ട കൃഷ്‌ണ റാവു പറഞ്ഞു.

കഴിഞ്ഞ മാസം 19നാണ് വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് വന്ന സംഘം ളാഹയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. പിന്നാലെ മന്ത്രി വീണ ജോര്‍ജ് അപകട സ്ഥലത്തെത്തുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്‌തിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ വിദഗ്‌ധ ചികിത്സയ്ക്കായി അന്നു തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മന്ത്രി ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വിദഗ്‌ധ ചികിത്സ ഉറപ്പാക്കി. മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. കരള്‍, ശ്വാസകോശം, കൈ, കാല് തുടങ്ങിയ പല ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. മുതുകിന്‍റെ ഭാഗത്ത് തൊലിയും മസിലും നഷ്‌ടമായിരുന്നു. ഉടന്‍ തന്നെ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സംഘം രൂപീകരിക്കുകയും അന്നു തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്‌തിരുന്നു.

പിന്നീട് അത്യന്തം ചെലവുള്ള പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തൊലിയും മസിലും വച്ചു പിടിപ്പിച്ചു. പ്രഷര്‍ ട്രെയിനേജ് ചികിത്സയും നല്‍കി. അതും വിജയകരമായി. ആദ്യ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവിലും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി ഐസിയുവിലും പിന്നീട് വാര്‍ഡിലും ചികിത്സ നല്‍കി.

സര്‍ജറി, അനസ്തീഷ്യ, പീഡിയാട്രിക്, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ യോജിച്ചാണ് മണികണ്ഠന് ചികിത്സ നടത്തിയത്. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ്, ഡോ. ശിവകുമാര്‍, ഡോ. രതീഷ്, ഡോ. ആത്തിയ പ്രവീണ്‍, ഡോ. ഷെര്‍ബിന്‍, ഡോ. ഹരിപ്രിയ, ഡോ. ലക്ഷ്മി എന്നിവരുടെ മികച്ച ടീം വര്‍ക്കിലൂടെയാണ് മണികണ്ഠനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായത്.

READ MORE:ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

ആന്ധ്രാപ്രദേശിലെ എലുരുവിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മണികണ്ഠന്‍. ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മണികണ്ഠന്‍ സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു. മണികണ്ഠന് 27 ദിവസത്തോളം ആശുപത്രി സ്വന്തം വീടുപോലെയായിരുന്നു. വീട്ടിലേക്ക് മടങ്ങിയ മണികണ്ഠന് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സമ്മാനങ്ങൾ നൽകിയാണ് യാത്രയയച്ചത്.

ABOUT THE AUTHOR

...view details