പത്തനംതിട്ട : സപ്ലൈകോയുടെ ഗോഡൗണിൽ എത്തിയ സൺ ഫ്ലവർ എണ്ണയിറക്കുന്നതിന് അമിത കൂലി ചോദിച്ച് തൊഴിലാളികൾ. തർക്കം രൂക്ഷമായതിനെ തുടർന്ന് ലോഡ് ചങ്ങനാശേരിയിലെ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. തിരുവല്ല കറ്റോടുളള ഗോഡൗണിൽ തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു കൂലിത്തർക്കം ഉണ്ടായത്. ഡിപ്പോയിലെ കൂലിത്തർക്കത്തെകുറിച്ച് തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പരാമർശം ഉണ്ടായ സാഹചര്യത്തിൽ സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് ജില്ലാ ലേബർ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.
സപ്ലൈകോ ഗോഡൗണിൽ എണ്ണയിറക്കുന്നതിന് അമിത കൂലി ചോദിച്ച് ചുമട്ട് തൊഴിലാളി തർക്കം; ഇടപെട്ട് മുഖ്യമന്ത്രി 17000 ലിറ്റർ സൺ ഫ്ലവർ എണ്ണയാണ് ഇവിടേക്ക് എത്തിയത്. ഒരുലിറ്ററിൻ്റെ 10 പായ്ക്കറ്റ് അടങ്ങിയ 1700 ബോക്‌സുകളാണ് ഉണ്ടായിരുന്നത്. സപ്ലൈകോയുടെ ചട്ടപ്രകാരം 2.35 രൂപയാണ് ഒരുബോക്‌സിന് നൽകാനാവുക. എന്നാൽ ചുമട്ട് തൊഴിലാളികൾ 10 രൂപ വേണമെന്ന ആവശ്യം ഉന്നയിച്ചു.
ഇടനിലക്കാരെ ഒഴിവാക്കി കോർപ്പറേഷൻ ഡയറക്‌ട് പർച്ചേസിലൂടെയാണ് ഇത്തവണ എണ്ണ എത്തിച്ചത്. മുമ്പ് മറ്റ് കമ്പിനികൾ നേരിട്ട് ഗോഡൗണിൽ എണ്ണയെത്തിക്കുകയായിരുന്നു. കമ്പിനികളാണ് ഇറക്കുകൂലി നൽകിയിരുന്നതും. കമ്പിനികൾ നൽകി വന്നിരുന്ന കൂലിതന്നെ വേണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം.
ക്ഷേമനിധി ബോർഡിന് കീഴിലുളള തൊഴിലാളികളാണ് അമിത കൂലി ആവശ്യപ്പെട്ടത്. തുടർന്ന് ജില്ലാ ലേബർ ഓഫീസിൽ സപ്ലൈകോ അധികൃതർ വിവരം അറിയിച്ചു. ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട് ലോഡ് ഇറക്കണമെന്ന് നിർദേശം നൽകിയിരുന്നെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഇതിനിടെ നാലേമുക്കാലോടെയാണ് ലോഡ് ചങ്ങനാശ്ശേരി ഗോഡൗണിൽ എത്തിച്ച് അവിടെ ഇറക്കിയത്.
ലേബർ ഓഫീസ് അധികൃതർ നിർദേശിച്ചിട്ടും തൊഴിലാളികൾ ലോഡ് ഇറക്കാൻ തയാറാകാതിരുന്നതോടെയാണ് ചങ്ങനാശേരിയിലേക്ക് മാറ്റേണ്ടിവന്നതെന്ന് ഡിപ്പോ മാനേജർ പറഞ്ഞു. ഇതിനിടെ ലോറി ഡ്രൈവറെ ചില തൊഴിലാളികൾ ചേർന്ന് കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.