പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജയകുമാര്‍, കാര്‍ ഡ്രൈവര്‍ ജോണോറാം ചൗധരി ബസിന്‍റെ മുന്‍ സീറ്റിലിരുന്ന യാത്ര ചെയ്‌ത സ്‌ത്രീ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തിന് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന സൈലോ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇരുവാഹനങ്ങളും അമിത വേഗതിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുമ്പില്‍ പോയ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് മുന്നിലെത്തിയ കാറിലിടിച്ച് സമീപത്തെ കിഴവള്ളൂര്‍ പള്ളിയുടെ കമാനവും കാണിക്ക വഞ്ചിയും ഇടിച്ച് തകര്‍ത്തു.
ഇടിയുടെ ആഘാതത്തിൽ സൈലോ കാർ പൂർണമായും തകർന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌ത്രീയുടെ ശരീരത്തിൽ പള്ളി കാമനത്തിന്‍റെ കോണ്‍ക്രീറ്റ് കമ്പി തുളച്ച് കയറിയതയാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ ബാക്കിയുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കെഎസ്‌ആര്‍ടിസി ബസില്‍ ജിപിഎസും സ്‌പീഡ് ഗവര്‍ണറും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.സ്ഥിരം അപകട മേഖലയായ ഭാഗത്താണ് അപകടം നടന്നത്.
കേരളവും റോഡപകടങ്ങളും: വര്‍ഷം തോറും കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. 2019ലെ കണക്ക് പ്രകാരം ആ വര്‍ഷം 41253 റോഡ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ കണക്കെടുത്താല്‍ അത് ഇരട്ടിയായിരിക്കും.