പൊതുജനരോക്ഷം പ്രകടമാക്കി ചിറ്റാർ സ്വദേശി സുധാകരൻ പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസില്‍ നിന്ന് കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ ജീവനക്കാർ ഇന്ന് ജോലിക്ക് ഹാജരായി. ഇവര്‍ക്കെതിരെ താലൂക്ക് ഓഫിസിനു മുന്നിൽ ജനങ്ങളുടെ രോഷപ്രകടനമുണ്ടായി. അതേസമയം ഇവരെയൊക്കെ ഈ നാട്ടിൽ നിന്ന് അടിച്ചോടിക്കണം സാറെ എന്നായിരുന്നു ചിറ്റാർ സ്വദേശി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പൊതുജനരോഷം ഇങ്ങനെയും: "നിങ്ങള്‍ക്ക് ശമ്പളം തരുന്നത് രാവിലെ മുതല്‍ വൈകുന്നേരം വരെ ഓഫിസില്‍ ഇരിക്കാനാണ്. കുട്ടിക്ക് അസുഖമാവുക, അപ്പനെ ആശുപത്രിയില്‍ കൊണ്ടുപോവുക എന്നുള്ളതൊക്കെ മനസിലാകും. ഇതോ എവിടെയാ പോയത് ഉല്ലാസ യാത്ര. പിറ്റേ ദിവസം പോയികൂടായിരുന്നോ സാറേ...ശനിയും ഞായറും ഉണ്ടായിരുന്നല്ലോ?. ഞാന്‍ ഈ പറയുന്നത് മര്യാദ കേടിനൊക്കെ ഒരു അതിരുണ്ട്. ക്ഷമിക്കാവുന്നതുമുണ്ട്, ക്ഷമിക്കാന്‍ വയ്യാത്തതുമുണ്ട്. ഇതൊന്നും ക്ഷമിക്കാവുന്നതല്ല. പൊതുജനം കഴുതയായതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്നും" സുധാകരൻ പറയുന്നു.
ഇപ്പോള്‍ യൂണിയന്‍ ഒന്നായി: ഇന്നലെ വരെ ശത്രുക്കളായിരുന്നു യൂണിയനുകാര്‍. ഇപ്പോള്‍ പ്രശ്‌നം വന്നപ്പോള്‍ അവരെല്ലാം ഒന്നാണ്. പ്രശ്‌നം വന്നാല്‍ ഒന്നാകാന്‍ പറ്റാത്ത കുറച്ച് ജനങ്ങള്‍ ഈ നാട്ടിലുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. തനിക്ക് ആരോടും വിരോധമില്ലെന്നും പക്ഷെ മര്യാദ കേടിനൊക്കെ ഒരു അതിരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതും തന്‍റെ ജോലിയാണ്: അതേസമയം താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയത് ക്വാറി ഉടമയുടെ ബസിലാണെന്ന് കെ.യു ജനീഷ് കുമാര്‍ എംഎൽഎ ആരോപിച്ചിരുന്നു. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ എംഎല്‍എയ്‌ക്ക് ആരാണ് അധികാരം നല്‍കിയതെന്ന എഡിഎമ്മിന്‍റെ ചോദ്യത്തിന് മരണ വീട്ടില്‍ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എംഎല്‍എയുടെ ജോലിയെന്നും കെ.യു ജനീഷ് കുമാര്‍ മറുപടി നല്‍കിയിരുന്നു.
ജോലി രാജിവയ്‌ക്കാന്‍ തയ്യാര്‍:എന്നാല്‍ വിവാദത്തിനിടയില്‍ കെയു ജനീഷ് കുമാർ എംഎൽഎയെ അധിക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാറുടെ വാട്‌സ്‌ആപ്പ് ചാറ്റും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എംഎൽഎ നിറഞ്ഞാടിയ നാടകമാണ് താലൂക്ക് ഓഫിസിൽ നടന്നതെന്നായിരുന്നു കോന്നി താലൂക്ക് ഓഫിസിന്‍റെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ ആക്ഷേപം. കാലുവയ്യാത്ത ആളെ കാശ് കൊടുത്ത് വിളിച്ചുവരുത്തിയത് എംഎല്‍എയാണെന്നും മുൻകൂട്ടി തിരക്കഥ എഴുതിയ നാടകത്തിൽ നിറഞ്ഞാടിയ എംഎൽഎയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ കസേരയിൽ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താൻ അധികാരമുണ്ടോ എന്നും ഡെപ്യൂട്ടി തഹസിൽദാര്‍ രാജേഷ് ചോദിച്ചിരുന്നു.
സേവനം കിട്ടാതെ ജനങ്ങള്‍ താലൂക്ക് ഓഫിസില്‍ തടിച്ചുകൂടിയെന്ന് എംഎല്‍എ ചാനലുകള്‍ക്ക് മുന്‍പില്‍ പറഞ്ഞുവെന്നും സംഭവം നടക്കുമ്പോള്‍ പത്തുപേര്‍ പോലും ഓഫിസിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറിപ്പില്‍ അറിയിച്ചിരുന്നു. മാത്രമല്ല എംഎല്‍എ ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഈ ജോലി തന്നെ താന്‍ രാജിവയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു