പത്തനംതിട്ട:കൂട്ട അവധി എടുത്ത് വിനോദയാത്ര പോയ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത്. വിനോദയാത്രക്കിടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അവധി എടുത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംഎല്‍എയും റവന്യൂ മന്ത്രിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോന്നി തഹസീല്‍ദാര്‍ അടക്കമുള്ള 19 ജീവനക്കാരാണ് അവധി എടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയത്.
വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 35 പേരാണ് ഇന്നലെ ഓഫിസില്‍ വരാതിരുന്നത്. ഇവരില്‍ 24 പേര്‍ ആകസ്‌മികമായി അവധി എടുത്തവരാണ്.
നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്: ജീവനക്കാരുടെ കൂട്ട അവധിയില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചിരുന്നു. ജില്ല കലക്‌ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വിശദമായ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അവധിയെടുത്ത് വിനോദയാത്രയ്‌ക്ക് പുറപ്പെട്ട ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.
അനുവദിക്കപ്പെട്ട അവധി എടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശം ഉണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള കൂട്ട അവധി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത രീതിയിലാണ് ജീവനക്കാര്‍ അവധി എടുക്കുന്നത് എന്ന് പരിശോധിച്ച് ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.