പത്തനംതിട്ട:കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 100 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ ആകെ 1655 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരമുള്ളത്.
കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചതോടെ ഈ മെഡിക്കല്‍ കോളജിലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനാകും. ഘട്ടംഘട്ടമായി മറ്റ് മെഡിക്കല്‍ കോളജുകളെ പോലെ കോന്നി മെഡിക്കല്‍ കോളജിനേയും മാറ്റും. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഈ അധ്യയന വര്‍ഷം തന്നെ എംബിബിഎസ് വിദ്യാർഥി പ്രവേശനം സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇടുക്കി, കോന്നി എന്നീ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നേടാനായി. ഇതിലൂടെ 200 പുതിയ എംബിബിഎസ് സീറ്റുകളാണ് നേടാനായത്. കൊല്ലം മെഡിക്കല്‍ കോളജിലും, മഞ്ചേരി മെഡിക്കല്‍ കോളജിലും നഴ്‌സിംഗ് കോളജുകള്‍ ആരഭിച്ചു. ഇതിലൂടെ 120 നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം സാധ്യമായി. 26 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തു.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് 250, കൊല്ലം മെഡിക്കല്‍ കോളജ് 110, കോന്നി മെഡിക്കല്‍ കോളജ് 100, ആലപ്പുഴ മെഡിക്കല്‍ കോളജ് 175, കോട്ടയം മെഡിക്കല്‍ കോളജ് 175, ഇടുക്കി മെഡിക്കല്‍ കോളജ് 100, എറണാകുളം മെഡിക്കല്‍ കോളജ് 110, തൃശൂര്‍ മെഡിക്കല്‍ കോളജ് 175, മഞ്ചേരി മെഡിക്കല്‍ കോളജ് 110, കോഴിക്കോട് മെഡിക്കല്‍ കോളജ് 250, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 100 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.
250 കോടിയുടെ വികസനം:കോന്നി മെഡിക്കല്‍ കോളജില്‍ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടത്തിയ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത്രവേഗം അംഗീകാരം നേടിയെടുക്കാനായത്. എംഎല്‍എ കെ.യു ജനീഷ് കുമാറിന്‍റെ ഇടപെടലുമുണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍, കോന്നി മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഏകോപനവും പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു.