പത്തനംതിട്ട:കോന്നി താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്‌ക്ക് പോയ വിവാദത്തിനിടെ കെയു ജനീഷ് കുമാർ എംഎൽഎയെ അധിക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാര്‍. വാട്‌സ്‌ആപ്പ് ചാറ്റിലൂടെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എംസി രാജേഷ്, എംഎല്‍എക്കെതിരെ തിരിഞ്ഞത്. എംഎൽഎ നിറഞ്ഞാടിയ നാടകമാണ് കോന്നി താലൂക്ക് ഓഫിസിൽ നടന്നതെന്നാണ് കോന്നി താലൂക്ക് ഓഫിസിന്‍റെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ ആക്ഷേപം.
വിവാദത്തില്‍ ജില്ലയിലെ സിപിഐ - സിപിഎം കൊമ്പുകോർക്കലിൽ എത്തിയതിന് പിന്നാലെയാണ് ചാറ്റ് പുറത്തായത്. കാലുവയ്യാത്ത ആളെ കാശ് കൊടുത്ത് വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയാണ് എംഎൽഎ ചെയ്‌തത്. മുൻകൂട്ടി തിരക്കഥ എഴുതിയ നാടകത്തിൽ നിറഞ്ഞാടിയ എംഎൽഎയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ കസേരയിൽ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താൻ അധികാരമുണ്ടോ എന്നും രാജേഷ് കുറിപ്പിൽ ചോദിക്കുന്നു. താലൂക്ക് ഓഫിസിലെ രജിസ്റ്റർ പരിശോധിക്കാൻ ജനപ്രതിനിധിയ്ക്ക് അധികാരം ഉണ്ടോയെന്നും രാജേഷ് ചോദിച്ചു.
'അത് തെളിയിച്ചാല്‍ ഞാന്‍ രാജിവയ്‌ക്കും':ഒരു ഓഫിസിലെ ഇത്രയും പേര്‍ ഒന്നിച്ച് ലീവില്‍ പോവുന്നതില്‍ അപാകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേവനം കിട്ടാതെ ജനങ്ങള്‍ താലൂക്ക് ഓഫിസില്‍ തടിച്ചുകൂടി എന്നും എംഎല്‍എ ചാനലുകള്‍ക്ക് മുന്‍പില്‍ പറഞ്ഞു. ഈ സംഭവം നടക്കുമ്പോള്‍ ഒരു പത്ത് പേര്‍ പോലും താലൂക്ക് ഓഫിസില്‍ ഉണ്ടായിരുന്നില്ല. ഇത് ഒരു വെല്ലുവിളിയായി ഞാന്‍ എടുക്കുന്നു. മറിച്ചുതെളിയിച്ചാല്‍ ഈ ജോലി തന്നെ ഞാന്‍ രാജിവയ്‌ക്കുമെന്നും അദ്ദേഹം കുറിച്ചു.