പത്തനംതിട്ട: തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ബാക്കി നിൽക്കെ കോന്നിയിൽ പ്രചാരണത്തിന് ചൂടേറുന്നു. കോന്നി തങ്ങളുടെ കോട്ടയാക്കാൻ പതിനെട്ടടവും പയറ്റുകയാണ് മുന്നണികൾ. മൂന്ന് മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ എടുത്ത് കാണിച്ചും ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞുമാണ് എൽ.ഡി.എഫ് വോട്ടു തേടുന്നത്. അടൂർ പ്രകാശ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ശബരിമല വിഷയവുമാണ് യു.ഡി.എഫിന്‍റെ പ്രധാന പ്രാചരണ വിഷയങ്ങൾ. ശബരിമല വിഷയത്തിൽ രണ്ട് മുന്നണികളും ജനങ്ങളെ കബളിപ്പിച്ചുവെന്നും കോന്നിയിൽ വിജയിപ്പിച്ചാൽ കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നുമുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്.
പൊടിപാറുന്ന പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്. ഗവി, ആങ്ങമൂഴി, മൂഴിയാർ, കക്കി, കൊച്ചു പമ്പ, ആനത്തോട്, അരുവാപ്പുലം എന്നിവിടങ്ങളില്‍ മൂന്നു മുന്നണികളും പ്രചാരണം ഏറെക്കുറെ പൂർത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ എം.എം.മണി, കെ.കെ ശൈലജ, മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു തുടങ്ങിയവർ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാറിന്‍റെ പ്രചാരണാർഥം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തി.