പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി.ബി നൂഹ്. വോട്ടിങ് മെഷീനുകളുടെ തരംതിരിക്കല്‍, കാന്‍ഡിഡേറ്റ് സെറ്റിങ്, കമ്മീഷനിങ് എന്നിവ പൂര്‍ത്തിയായി വിതരണത്തിന് തയ്യാറാണെന്നും കലക്ടര്‍ പറഞ്ഞു. കോന്നി നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ 212 പോളിങ് ബൂത്തുകളിലായി 1,98,974 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 770 പേര്‍ പ്രവാസി വോട്ടര്‍മാരാണ്. 1,04,423 സ്‌ത്രീ വോട്ടര്‍മാരും 93,533 പുരുഷവോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1018 സര്‍വീസ് വോട്ടര്‍മാരുണ്ട്. പോസ്റ്റല്‍ വോട്ടിനുള്ള 40 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
കോന്നി ഉപതെരഞ്ഞെടുപ്പ്: അവസാനഘട്ട ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ - konni by-election
വോട്ടിംഗ് മെഷീനുകളുടെ തരംതിരിക്കല്‍, കാന്‍ഡിഡേറ്റ് സെറ്റിങ്, കമ്മീഷനിങ് എന്നിവ പൂര്‍ത്തിയായി വിതരണത്തിന് തയ്യാറെന്ന് ജില്ലാ കലക്ടര്‍
212 ബൂത്തുകളിലേക്ക് 255 ബാലറ്റ് യൂണിറ്റ്, 255 കണ്‍ട്രോള്‍ യൂണിറ്റ്, 276 വിവി പാറ്റ് എന്നിങ്ങനെ മൊത്തം 786 യുണിറ്റുകളാണുള്ളത്. 212 പോളിങ് ബൂത്തുകളില്‍ 22 എണ്ണം പ്രശ്നബാധിത ബൂത്തുകളും നാലെണ്ണം പ്രശ്നസാധ്യതാ ബൂത്തുകളുമാണ്. ഇതില്‍ 17 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തും. കൂടാതെ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത മറ്റ് ഒമ്പത് ബൂത്തുകളില്‍ സിസിടിവി സൗകര്യവും ഏര്‍പ്പെടുത്തും. ജില്ലാ കലക്ടര്‍ നേരിട്ടും കണ്‍ട്രോള്‍ റൂമിലും വെബ് കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. മണ്ഡലത്തില്‍ അഞ്ച് മാതൃകാ പോളിങ് ബൂത്തുകളും സ്ത്രീകളായ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരായ 2449 സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ എത്തുന്നതിന് ഓരോ സെക്ടറിലും ഓരോ വാഹനം എന്ന ക്രമത്തില്‍ 25 വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി 212 പോളിങ് ബൂത്തുകളിലേക്ക് 1016 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. പ്രശ്നസാധ്യത, പ്രശ്നബാധിത ബൂത്തുകളിലെ വോട്ടിങ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി 48 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.