ഫോട്ടോയും പേരും വയസും സാമ്യം; ' രതീഷ് കുമാർ ' രണ്ടാണെന്ന് ജില്ലാ കലക്ടർ - കോന്നി ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
രണ്ട് പേരും തമ്മിലുള്ള സാമ്യമാണ് കള്ളവോട്ടെന്ന സംശയം ജനിപ്പിച്ചത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ രണ്ട് പേരും രണ്ടാളുകളാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്‌നം അവസാനിച്ചു.
പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെ ആശയക്കുഴപ്പമായി രണ്ട് രതീഷ് കുമാർ. വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയത് രണ്ട് വോട്ടര്‍മാരാണ്. കൊന്നപ്പാറ ഗവണ്‍മെന്‍റ് എൽ. പി സ്കൂള്‍ 85 -ാം നമ്പർ ബൂത്തിലെ രതീഷ് കുമാറും, പ്രമാടം നേതാജി സ്ക്കൂളിലെ 95 ആം നമ്പർ ബൂത്തിലെ രതീഷ് കുമാറും ഓരാളെന്ന സംശയമാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. കൊന്നപ്പാറയിലെ രതീഷ് നേരത്തെയെത്തി വോട്ട് ചെയ്‌തു. ഇതിനുശേഷം പ്രമാടത്തെ രതീഷ് കുമാര്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ രതീഷ് നേരത്തെ വോട്ട് ചെയ്‌ത ആളാണെന്ന് സംശയമുണ്ടായി. രണ്ട് പേരുടെയും രൂപസാദൃശ്യവും, വയസിലെ സാമ്യവും സംശയത്തിന്‍റെ ബലം കൂട്ടി. തുടര്‍ന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്‌ടര്‍ പരിശോധനയ്‌ക്കെത്തി. ഒടുവില്‍ പ്രമാടത്തുനിന്നും രതീഷ് കുമാറിനെ കൊന്നപ്പാറയിലെത്തിച്ചു. പ്രമാടത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഏജന്‍റുമാരും ഇങ്ങനൊരാള്‍ വോട്ട് ചെയ്‌തിട്ടില്ലെന്ന് പറഞ്ഞതോടെ ആശയക്കുഴപ്പം അവസാനിച്ചു.