മാണിയില്ലാതെ ചരൽക്കുന്ന് ക്യാമ്പ്
പാര്‍ട്ടിയിലെ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പ് സെന്‍റര്‍
കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ചത് പത്തനംതിട്ട കോഴഞ്ചേരി ചരൽക്കുന്ന് ക്യാമ്പ് സെന്‍ററാണ്. പാർട്ടിയിലും മുന്നണിയിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ ചരൽക്കുന്നിൽ ക്യാമ്പ് വിളിക്കുമായിരുന്നു കെഎം മാണി. പാര്‍ട്ടിയുടെ നിരവധി പിളർപ്പിനും രാഷ്ട്രീയ സമവാക്യങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കും സാക്ഷ്യം വഹിച്ച ഇടമായിരുന്നു ചരൽക്കുന്ന് ക്യാമ്പ്. 1977-ലെ കേരളാ കോൺഗ്രസിന്‍റെ പിളർപ്പും ഈ ക്യാമ്പില്‍ വെച്ചായിരുന്നു. പാർട്ടിക്കുള്ളിലെ സ്വാധീനത്തിന് കെഎം മാണിയെ സഹായിച്ച പല സംഭവങ്ങൾക്കും വേദിയായത് ഈ കെട്ടിടങ്ങളിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഐക്യമുന്നണിയുമായി അകന്ന മാണി വിഭാഗം യുഡിഎഫിൽ നിന്ന് പുറത്തു പോകാനുള്ള തീരുമാനമെടുത്തത് ചരൽക്കുന്ന് ക്യാമ്പിലാണ്. ഏറ്റവും ഒടുവിൽ നാലു മാസങ്ങൾക്ക് മുമ്പ് ചരല്‍ക്കുന്നില്‍ നടന്ന കേരള കോൺഗ്രസ് എമ്മിന്‍റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് മാണി ആവേശപൂർവ്വം പങ്കെടുത്തത്. ഭക്ഷണപ്രിയനായ മാണി ഇവിടെ എത്തിയാൽ ക്യാമ്പിലെ ആഹാരം ഏറെ ഇഷ്ടപ്പെട്ടിരുന്നതായും ചരൽക്കുന്ന് ക്യാമ്പ് സെന്‍റര്‍ സൂപ്രണ്ട് ബിജു മാത്യൂസ് പറയുന്നു.