പത്തനംതിട്ട:ഇന്നോവ കാറിലെത്തി മലയാലപ്പുഴയിലെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയ യുവാവിനെ തൃശൂരിൽ കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് മലയാലപ്പുഴ വെട്ടൂരിൽ നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയ വെട്ടൂര്‍ മുട്ടുമണ്‍ ചങ്ങായില്‍ അജേഷ് കുമാറിനെയാണ് (ബാബുക്കുട്ടന്‍-38) ഇന്ന് പുലര്‍ച്ചെ കാലടി പൊലീസ് സ്‌റ്റേഷന് സമീപം കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം അജേഷിനെ ഇവിടെ ഇറക്കി വിട്ടതായാണ് സൂചന.
തുടർന്ന് പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ യുവാവിനെ പൊലീസ് പത്തനംതിട്ടയിൽ എത്തിച്ചു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ഡല്‍ഹിയില്‍ വ്യവസായിയായ മലയാലപ്പുഴ സ്വദേശിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അജേഷ് കുമാറിന് ഇയാളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്‍റും ഹോളോ ബ്രിക്‌സ് കമ്പനിയുടെ ഉടമയുമാണ് അജേഷ് കുമാർ.
പട്ടാപ്പകൽ തട്ടിക്കൊണ്ട് പോകൽ: ഇന്നലെ ഉച്ചയ്ക്ക് 2.40 നാണ് മലപ്പുറം രജിസ്‌ട്രേഷന്‍ ഇന്നോവ കാറില്‍ എത്തിയ അഞ്ചംഗ സംഘം അജേഷിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്തെത്തിയ ഇന്നോവ കാറില്‍ നിന്നിറങ്ങിയ ഒരാള്‍ വീട്ടിലെ കോളിങ് ബെല്‍ അടിച്ചു. അജേഷിന്‍റെ പിതാവ് ഉണ്ണികൃഷ്‌ണനാണ് വാതില്‍ തുറന്നത്.
കാറില്‍ ഇരിക്കുന്ന ആള്‍ വിളിക്കുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്കു വന്ന അജേഷിനെ അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും സംഘം കാര്‍ സ്റ്റാര്‍ട്ട് ചെയ്‌ത് രക്ഷപ്പെട്ടു. റോഡിലെ ബഹളം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കല്ല് എറിഞ്ഞതിനെത്തുടർന്ന് കാറിന്‍റെ പിന്നിലെ ചില്ലുകൾ തകർന്നിരുന്നു.