പത്തനംതിട്ട :പഴയ കാർഷിക സംസ്‌കൃതിയുടെ ലോകം തുറന്നിടുകയാണ് ഓമല്ലൂർ വയൽ വാണിഭം. കൂറ്റൻ കാച്ചിലും ചേനയും മുതൽ അടച്ചട്ടിയും മത്തും ഉലക്കയും തുടങ്ങി പല തലമുറകൾ ഉറങ്ങി എണീറ്റ തഴ പായയുടെ സുഗന്ധവും നിറയുന്നതാണ് ഓമല്ലൂർ വയൽ വാണിഭ വിശേഷങ്ങൾ. കൂടാതെ കുട്ടയും വട്ടിയും മുറവും കൂന്താലിയും തൂമ്പയും കോടാലിയും ഉൾപ്പടെ പഴയകാല ഗൃഹോപകരണങ്ങളുടെ വലിയ ശേഖരവും.
കറിച്ചട്ടിയും മൺകലവും കൂജയും അരകല്ലും നാഴിയും ചങ്ങഴിയും നെൽപറയും എല്ലാം കൂടി കളറാണ് വയൽ വാണിഭം. പഴയ തലമുറയ്‌ക്കൊപ്പം പുതുതലമുറയും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നാട്ടുത്സവം. ഓമല്ലൂർ വയൽ വാണിഭത്തിന്‍റെ ചരിത്രം ചോദിച്ചാൽ ആറ് നൂറ്റാണ്ട് മുൻപ് നടന്ന കഥ പറയും പഴമക്കാർ.
ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്‍റെ ചരിത്രം : കൊല്ലം ജില്ലയിലെ വെളിയനല്ലൂർ പഞ്ചായത്തിലെ തെക്കേ പാടത്തുനിന്നും വിരണ്ടോടി ഓമല്ലൂർ വയലിൽ എത്തി നിന്ന കാളക്കൂറ്റനെ ഒരു കർഷകൻ വയലിലെ പാലമരത്തിൽ പിടിച്ചുകെട്ടി. സംഭവമറിഞ്ഞ് കാളക്കൂറ്റനെ കാണാൻ ജനം വയലിലേക്ക് ഒഴുകിയെത്തി. ഇതിന്‍റെ ഓർമയ്ക്കായി എല്ലാ വർഷവും വയലിൽ വാണിഭം ആരംഭിച്ചു എന്നതാണ് ചരിത്രം.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും കച്ചവടക്കാരും കാർഷിക വിത്തിനങ്ങൾ ഉൾപ്പടെ വാങ്ങാൻ ആളുകളും ഓമല്ലൂരിലേക്ക് എത്തുന്നു. ഓമല്ലൂർ വയൽ വാണിഭത്തിന്‍റെ സാധ്യത തിരിച്ചറിഞ്ഞ് തമിഴ്‌നാട്ടിൽ നിന്നും കച്ചവടക്കാർ എത്തുന്നുണ്ട്. കൃഷി കുറഞ്ഞുവരുന്നത് കാരണം വയൽ വാണിഭത്തിലെ കാർഷിക വിഭവങ്ങളുടെ പ്രദർശനത്തിലും വിൽപ്പനയിലും ഇടിവ് വന്നതായി ഇവിടെ പതിറ്റാണ്ടുകളായി കച്ചവടതിനെത്തുന്ന കച്ചവടക്കാർ പറയുന്നു.