വിക്‌ടര്‍ ടി തോമസ് പ്രതികരിക്കുന്നു പത്തനംതിട്ട: കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്‍റും യുഡിഎഫ് ജില്ല ചെയര്‍മാനുമായ വിക്‌ടര്‍ ടി.തോമസ് രാജിവച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലയിൽ കടലാസ് സംഘടനയായി മാറിയെന്നും യുഡിഎഫ് സംവിധാനം നിര്‍ജീവമാണെന്നും തന്നെ കാലുവാരി തോൽപ്പിച്ചെന്നും പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആരോപണം ഉയർത്തികൊണ്ടാണ് വിക്‌ടർ രാജി പ്രഖ്യാപനം നടത്തിയത്. ഭാവി പരിപാടികള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് വിക്‌ടര്‍ പറഞ്ഞു.
ഇനി എങ്ങോട്ട്:എന്നാൽ വിക്‌ടര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ജില്ലയിലെ യുഡിഎഫിൽ ഏറെക്കാലമായി ഉയർന്നുവന്ന ഭിന്നതകൾക്കൊടുവിലാണ് വിക്‌ടറിന്‍റെ രാജി. യുഡിഎഫിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളുമായി വിക്‌ടർ മുമ്പും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. ജില്ലയിലെ പുന:സംഘടനയും ഭാരവാഹി തെരഞ്ഞെടുപ്പും അറിയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നതകള്‍ വിവരിച്ച്:സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. യുഡിഎഫിലും തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. യുഡിഎഫിന് വേണ്ടി കുറെ ത്യാഗം സഹിച്ചു. പൊലീസ് മര്‍ദനം ഏറ്റുവാങ്ങി. തിരുവല്ലയില്‍ 2006 ലും 2011 ലും യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും യുഡിഎഫിന്‍റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും വിക്‌ടര്‍ പറഞ്ഞു. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വിക്‌ടര്‍ ടി.തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. അന്ന് മുതൽ വിക്‌ടർ പാർട്ടിയോടും ഇടഞ്ഞുതുടങ്ങിയിരുന്നു.
ആരാണ് വിക്‌ടര്‍ ടി തോമസ്: 20 വര്‍ഷമായി കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റും യുഡിഎഫ് ചെയര്‍മാനുമായിരുന്നു വിക്‌ടര്‍ ടി.തോമസ്. കേരള കോൺഗ്രസ് പിളര്‍ന്നപ്പോള്‍ പി.ജെ ജോസഫ് പക്ഷത്തിനൊപ്പമായിരുന്നു വിക്‌ടർ. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായും സെറിഫെഡ് ചെയര്‍മാനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ബിജെപി ക്രിസ്ത്യൻ വിഭാഗവുമായി അടുക്കാൻ പദ്ധതികൾ നടപ്പിലാക്കി വരുന്നതിനിടെയാണ് ജില്ലയിൽ നിന്നുള്ള യുഡിഎഫ് നേതാവിന്‍റെ രാജി എന്നതും ശ്രദ്ധേയമാണ്. വിക്‌ടറിനെ പോലുള്ള നേതാക്കൾ ബിജെപിയിൽ എത്തിയാൽ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ അത് യുഡിഎഫിനൊപ്പം എൽഡിഎഫിനും ക്ഷീണമുണ്ടാക്കും എന്നാണ് വിലയിരുത്തുന്നത്.
വെറുമൊരു 'രാജി'യായി ഒതുങ്ങില്ല:എൽഡിഎഫ് കോട്ടയായി മാറിയ പത്തനംതിട്ട ജില്ലയിൽ ക്രിസ്ത്യൻ വോട്ടുകൾ നിർണായകമാണ്. അത് മുന്നിൽകണ്ടുള്ള പദ്ധതികളാണ് ബിജെപി ക്യാമ്പ് ഒരുക്കുന്നത്. ഇതിനിടെയാണ് ചർച്ച് ബില്ലുമായി ബന്ധപ്പെട്ട് വീണ ജോര്‍ജിന് എതിരെ ഉയർന്ന പോസ്‌റ്റർ പ്രചരണം. ഇതിന്‍റെ പേരിലുണ്ടായ പൊലീസ് നടപടികൾക്കെതിരെ ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനം കടുത്ത പ്രതിഷേധത്തിലുമാണ്. പോസ്‌റ്റർ പ്രചരണം തങ്ങളുടെ അറിവോടെയല്ലെന്ന് സഭ നേതൃത്വം വ്യക്തമാക്കിയെങ്കിലും വിശ്വാസികളുടെ വികാരമാണ് പ്രകടമായതെന്ന അഭിപ്രായം ശക്തമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ ജോർജിനെ വീണ്ടും സ്ഥാനാർഥിയാക്കിയാൽ ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്‍റെ വോട്ട് ഗതി നിർണയിക്കില്ലേ എന്ന ആശങ്ക പാർട്ടിക്കും തള്ളിക്കളയാനാകില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുംതോറും വലിയ രാഷ്ട്രീയ ധ്രുവീകരണത്തിന് ജില്ല സാക്ഷ്യം വഹിക്കുമെന്നാണ് കണക്കുകൂട്ടൽ. അതിന്‍റെ ഭാഗമാണ് ജില്ലയിലെ യുഡിഎഫ് കേരള കോൺഗ്രസ് നേതാവിന്‍റെ നിലവിലെ രാജി.