മുഖ്യമന്ത്രി സംസാരിക്കുന്നു പത്തനംതിട്ട: കേരളത്തെ ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹെല്‍ത്ത് കെയര്‍ മേഖലയിലെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യ പരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട സേവനം നല്‍കിക്കൊണ്ട് കേരളത്തെ ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇതിനു സഹായകമായ കെയര്‍ പോളിസി രൂപീകരിക്കാനും നടപ്പിലാക്കാനും അതിനായി സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്കും സൗകര്യങ്ങളും: കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയുടെ വികസനത്തിന് കോന്നി മെഡിക്കല്‍ കോളജ് വലിയ തോതില്‍ ഉപകരിക്കും. ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 കോടി രൂപയാണ് 1,65,000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഈ അക്കാദമിക് ബ്ലോക്കിനായി ചെലവഴിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒന്നാംഘട്ട നിര്‍മാണത്തിന്‍റെ ഭാഗമായി പൂര്‍ത്തീകരിച്ച ആശുപത്രി ബ്ലോക്ക് 2020ല്‍ നാടിന് സമര്‍പ്പിച്ചിരുന്നു. മെഡിക്കല്‍ കോളജിന്‍റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 200 കിടക്കകളുളള രണ്ടാമത്തെ ബ്ലോക്കിന്‍റെ നിര്‍മാണം ആരംഭിച്ചു. ആശുപത്രിയുടെയും കോളജിന്‍റെയും അനുബന്ധമായി നിര്‍മിക്കേണ്ട മറ്റ് അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങളായ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 450 ഓളം കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ എന്നിവ ഒരുങ്ങുകയാണ്.
സർക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടി: സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലയളവിലെ 3-ാമത്തെ നൂറുദിന കര്‍മ്മ പരിപാടിയാണ് ഫെബ്രുവരി 10 മുതൽ മെയ് 20 വരെ നടക്കുന്നത്. 1,284 പദ്ധതികളിലായി 15,896 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങളെ കുറിച്ച് മുഖ്യമന്ത്രി: ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങളുടെ കാര്യത്തില്‍ ലോകം ശ്രദ്ധിക്കുന്ന ഒരിടമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും ആയുര്‍ദൈര്‍ഘ്യത്തിലുമെല്ലാം കേരളത്തിന്‍റെ നേട്ടങ്ങൾ വികസിത രാജ്യങ്ങൾക്കൊപ്പമാണ്. നിവാരണം ചെയ്യേണ്ടവ എന്ന് നമ്മുടെ രാജ്യം നിശ്ചയിച്ചിട്ടുള്ള രോഗങ്ങളെ നിവാരണം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് കേരളം. നീതി ആയോഗിന്‍റെ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൗരവത്തോടെ സമീപിക്കേണ്ട വിഷയങ്ങൾ: സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്, കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നാശവും കാരണമുണ്ടാകുന്ന രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവ ആരോഗ്യമേഖലയില്‍ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇവയെല്ലാം ഫലപ്രദമായി നേരിട്ടാല്‍ മാത്രമേ ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ സംരക്ഷിക്കാനും കൂടുതല്‍ മെച്ചപ്പെടാനും സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
'ശൈലി':ജനങ്ങളുടെ ആരോഗ്യം യഥാക്രമം പരിശോധിച്ച് രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും അവ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടത്താനും സഹായിക്കുന്ന പ്രത്യേക വാര്‍ഷിക പരിശോധന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 'ശൈലി' എന്ന മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെ 30 വയസിന് മുകളിലുള്ള എല്ലാ വ്യക്തികളെയും വര്‍ഷത്തിലൊരിക്കലെങ്കിലും സ്‌ക്രീന്‍ ചെയ്യുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. രക്തസമ്മര്‍ദം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇതിലൂടെ തിരിച്ചറിയാന്‍ കഴിയും. കഴിഞ്ഞ മാസം വരെ 70 ലക്ഷം ആളുകളാണ് സ്‌ക്രീനിങ്ങിന് വിധേയരായത്.
കേരള കാന്‍സര്‍ കണ്‍ട്രോള്‍ പദ്ധതി:കാന്‍സര്‍ രോഗത്തെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് കേരള കാന്‍സര്‍ കണ്‍ട്രോള്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. ഇതുവഴി വാര്‍ഷിക പരിശോധനയ്ക്ക് വിധേയരാകുന്ന 30 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ കാന്‍സര്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കുടുംബാരോഗ്യ കേന്ദ്രം പോലുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് ഇവർക്ക് ടെസ്റ്റുകള്‍ നടത്തുന്നത്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരളത്തിലെ ആശുപത്രികളെ ബന്ധിപ്പിച്ച് കാന്‍സര്‍ ഗ്രിഡ് സംവിധാനം ഒരുക്കാനുള്ള രൂപരേഖയും തയ്യാറാക്കി. കൂടാതെ, ഇ-ഹെല്‍ത്ത് മുഖേന ഒരു കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാരുണ്യ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി: കാരുണ്യ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് ആരോഗ്യ സുരക്ഷ ലഭ്യമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,630 കോടി രൂപ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു. ആറര ലക്ഷത്തോളം ആളുകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഇതിലൂടെ സഹായം ലഭ്യമായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.