പത്തനംതിട്ട:കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കുന്ന വിധം കേന്ദ്രം സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയവും കേരള വിരുദ്ധ മനോഭാവവും ശ്വാസം മുട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു (Center government's anti-Kerala attitude is suffocating: kefala Chief minister Pinarayi Vijayan). പത്തനംതിട്ട ജില്ലയിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആദ്യ നവകേരള സദസായ തിരുവല്ല നിയോജക മണ്ഡലത്തിലെ സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നം സാധാരണമല്ലെന്നും കേരളത്തിന്‍റെ സ്ഥിതി അനുസരിച്ച് ഒരു സാമ്പത്തിക പ്രശ്‌നവും ഉണ്ടാകേണ്ടതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മായി താരതമ്യം ചെയ്യുമ്പോള്‍ 2021 ല്‍ സംസ്ഥാനത്തിന്‍റെ ആഭ്യന്തര വളര്‍ച്ച എട്ടു ശതമാനം വര്‍ധിച്ചു. കേരളത്തിന്‍റെ തനത് വരുമാനം 41 ശതമാനം വര്‍ധിച്ചു. നാടിന്‍റെ ആകെ ആഭ്യന്തര ഉത്പാദനം 2016 ല്‍ 5,60,000 കോടി രൂപയായിരുന്നത് ഇപ്പോൾ 10,17,000 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ആളോഹരി വരുമാനം 1,48,000 രൂപ ആയിരുന്നത് 2,28,000 രൂപയായി വര്‍ധിച്ചു.
എന്നാല്‍ ഈ വരുമാനം കൊണ്ടു മാത്രം സംസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല. കേന്ദ്ര വിഹിതവും കടമെടുപ്പിലൂടെ ലഭിക്കുന്ന വരുമാനവും ആവശ്യമാണ്. കേരളം കാര്യക്ഷമമായ സാമ്പത്തിക പ്രവര്‍ത്തനം നടത്തിയിയിട്ടും കേന്ദ്രം ഞെരുക്കുന്നു. നികുതി വിഹിതം, റവന്യൂ കമ്മി ഗ്രാന്‍റ് എന്നിവയില്‍ വലിയ കുറവ് വരുത്തി. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളില്‍ കേന്ദ്രത്തിന്‍റെ വിഹിതം കുടിശിക വരുത്തുന്നു. നിലവില്‍ 5632 കോടി രൂപ ഇങ്ങനെ കുടിശികയുണ്ട്. പണം കടമെടുക്കുകയെന്നത് ഒരു സംസ്ഥാനത്തിന്‍റെ ഭരണപരമായ അവകാശമാണ്. ഈ കാര്യത്തില്‍ ഭരണഘടനാവിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നു. ഈ നിലപാടിനെ പൂര്‍ണമായും പിന്തുണക്കുന്ന സമീപനമാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന് മുന്നില്‍ കേരളത്തിന്‍റെ ആകുലതകളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനുള്ള നിവേദനത്തില്‍ ഒപ്പുവയ്ക്കണമെങ്കില്‍ സംസ്ഥാനം സാമ്പത്തിക നയത്തില്‍ കാണിച്ചത് വലിയ കെടുകാര്യസ്ഥതയാണെന്ന് സമ്മതിക്കണമെന്നുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോഴും അതിനെതിരേ ശബ്‌ദമുയര്‍ത്താന്‍ നമ്മള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്‍റിലേക്കയച്ച പ്രതിനിധികള്‍ക്കായില്ല.