പത്തനംതിട്ട: കവിയൂർ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും 3,500 രൂപയും ലാപ് ടോപ്പും സിസിടിവിയുടെ ഹാർഡ് ഡിസ്ക്കുകളും മോഷ്ടിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെയും ഹൈസ്‌കൂൾ വിഭാഗത്തിന്റെയും ഓഫീസ് മുറികളുടെ പൂട്ട് തകർത്തായിരുന്നു കവർച്ച. ഹയർ സെക്കൻഡറിയുടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്‌ക്കുകൾ കവർന്ന ശേഷം മൂന്ന് ക്യാമറകൾ അടിച്ചു തകർത്തു. ഇതിൽ ഒരെണ്ണം മൈതാനത്തിന് സമീപത്തെ വാഴത്തോട്ടത്തിലും മറ്റൊന്ന് സ്കൂളിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കവിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ മോഷണം - കവിയൂർ മോഷണം
എൻഎസ്എസ് കവലയിലെ തട്ടുകടയിലും മോഷണശ്രമം നടന്നിരുന്നു.
ഹൈസ്‌കൂളിന്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പാണ് മോഷണം പോയത്. ഹയർ സെക്കൻഡറിയുടെ പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ താഴത്തെ നിലയിലെ സ്‌കൂൾ ലൈബ്രറിയുടെ പൂട്ടും തകർത്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പാണ് പത്ത് ക്യാമറകൾ ഹയർ സെക്കൻഡറി കെട്ടിടത്തിൽ സ്ഥാപിച്ചത്.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. എൻഎസ്എസ് കവലയിലെ തട്ടുകടയിലും മോഷണശ്രമം നടന്നിരുന്നു. തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് സ്‌കൂളിന് മുന്നിലെ ക്യാമറ തകർത്ത നിലയിൽ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. തിരുവല്ല സിഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.