പത്തനംതിട്ട: കഥകളി അരങ്ങിലെത്തി നിറഞ്ഞാടി പ്രേക്ഷകന്‍റെ മനം കുളിർപ്പിക്കുന്നതിന് പിന്നിൽ ക്ഷമയോടെയുള്ള ഒരു വലിയ കാത്തിരിപ്പുണ്ട്. അണിയറയിൽ വേഷ മാറ്റങ്ങൾക്ക് ഒരുക്കം തുടങ്ങിയാൽ പിന്നെ നിശബ്‌ദതയാണ്. കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വേണം ഇവർക്ക് കഥാപാത്രങ്ങളായി മാറാൻ. പ്രകൃതിയില്‍ നിന്നുള്ള ഉൽപ്പന്നങ്ങൾ മാത്രമാണ് കഥകളിയുടെ വേഷങ്ങൾ തയാറാക്കുന്ന ചായക്കൂട്ടുകളിലുള്ളത്.
പമ്പാ തീരത്തെ കഥകളി; അരങ്ങുണരാന്‍ കാത്തിരിക്കുന്ന നാട്ടുകാര്‍
പ്രകൃതിയില്‍ നിന്നുള്ള ഉൽപ്പന്നങ്ങൾ മാത്രമാണ് കഥകളിയുടെ വേഷങ്ങൾ തയാറാക്കുന്ന ചായക്കൂട്ടുകളിലുള്ളത്
വേഷത്തിന്‍റെ പ്രാധാന്യമനുസരിച്ച് സാത്വികം, രാജസം, താമസം എന്നീ ത്രിഗുണങ്ങളോട് കൂടിയ വേഷങ്ങളാണ് കഥകളിയിലുള്ളത്. കഥകളിയിലെ ആദ്യ പടികളാണ് മുഖത്തെഴുത്തും ചുട്ടിയും. നെറ്റിയിൽ നാമം വയ്ക്കലാണ് മുഖത്തെഴുത്തിന്‍റെ ആദ്യപടി. നാമം വച്ച് കഴിഞ്ഞാലുടൻ മുഖത്ത് ചുട്ടി കുത്താനായി വളയം വയ്ക്കും. ഒരുക്കങ്ങൾ കഴിഞ്ഞാൽ പിന്നെ അണിയറയിൽ നിന്നും അരങ്ങിലേക്ക്. പമ്പയുടെ തീരത്ത് കഴിഞ്ഞ 25 വർഷമായി ജില്ലാ കഥകളി ക്ലബിന്‍റെ നേതൃത്വത്തിൽ അരങ്ങേറുന്ന കഥകളി കാണാനായി നാടിന്‍റെ നാനാഭാഗത്ത് നിന്നും നിരവധി ആളുകളാണ് എത്തുന്നത്. കഥകളി അരങ്ങിലെത്തിക്കുക മാത്രമല്ല കഥകളി ക്ലബ് ചെയ്യുന്നത്. ചെറുകോൽപ്പുഴ ഗ്രാമത്തിലെയും തൊട്ടടുത്ത പ്രദേശങ്ങളിലുള്ള കുട്ടികളെയും കഥകളി പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ വർഷത്തെയും കഥകളി അവസാനിക്കുമ്പോൾ ഇവിടുത്തുകാർ അടുത്ത വർഷം ഈ സമയം നോക്കിയിരിക്കും. പമ്പാ മണൽപ്പുറത്ത് കഥകളിയുടെ അരങ്ങുണരുന്നത് നോക്കി.