പത്തനംതിട്ട : ഏനാദിമംഗലത്ത് വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ഏനാദിമംഗലം വടക്കെ ചെരിവില്‍ സുജാത (55) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണത്തില്‍ കമ്പിക്കൊണ്ട് അടിയേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചയോടെയാണ് സുജാത മരിച്ചത്. കുറുമ്പകര മുളയങ്കോട് കാപ്പ കേസിലെ പ്രതിയായ സൂര്യലാലിന്‍റെ വീടിന് നേരെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് അയല്‍വാസികള്‍ തമ്മില്‍ വസ്‌തുസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ വിഷയത്തിൽ മരിച്ച സുജാതയുടെ മക്കളായ സൂര്യലാല്‍, അനിയന്‍ ചന്ദ്രലാല്‍ എന്നിവർ ഇടപെട്ടു. വസ്‌തു തർക്കത്തിൽ ഇടപെട്ടതിന്‍റെ വൈരാഗ്യത്തിൽ എതിർ സംഘം ഞായറാഴ്ച രാത്രി സൂര്യലാലിന്‍റെയും ചന്ദ്രലാലിന്‍റെയും വീടുകയറി ആക്രമിക്കുകയായിരുന്നു.