പത്തനംതിട്ട: തന്‍റെ പേരിൽ കള്ളവോട്ട് നടന്നതായി പത്തനംതിട്ട മലയാലപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷീജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തന്‍റെ കള്ള ഒപ്പിട്ട് പോസ്റ്റൽ ബാലറ്റ് കൈപ്പറ്റി മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായാണ് ഷീജയുടെ പരാതി.
ജീവനക്കാർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തതായി പരാതി - ഹെൽത്ത് ഇൻസ്പെക്ടർ
മലയാലപ്പുഴ പ്രൈമറി ഹെൽത്ത് സെന്‍ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷീജയാണ് തന്‍റെ പേരില്‍ കള്ളവോട്ട് നടന്നതായി പരാതിപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ പോളിങ് സ്റ്റേഷനിൽ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ടിന്‍റെ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ പ്രിസൈഡിങ് ഓഫീസർ മടക്കി അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് പോസ്റ്റൽ ബാലറ്റ് ആരോ കൈപ്പറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുകൾ ചില ഉദ്യോഗസ്ഥ സംഘടനകൾ കൈവശപ്പെടുത്തി വോട്ട് ചെയ്തിട്ടുണ്ടെന്ന പരാതി വ്യാപകമാണ്. യൂണിയനുകളുടെ പ്രതികാരനടപടി ഭയന്ന് പലരും പരാതിപ്പെടാൻ തയ്യാറാവുന്നില്ല. യൂണിയനുകളുടെ ഭീഷണി ശക്തമായതിനാൽ പരാതിക്കാരിയായ ജീവനക്കാരി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.