സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടകരോട് ചെയ്യുന്നത് പരമദ്രോഹം; കെ. സുരേന്ദ്രൻ പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്നും പിണറായി വിജയൻ സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടകരോട് പരമദ്രോഹമാണ് ചെയ്യുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നും അദ്ദേഹം.
ദേവസ്വംബോര്‍ഡ് പൂര്‍ണപരാജയമാണ്.ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു.ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കാൻ സര്‍ക്കാരിന് മടിയില്ലെങ്കിലും അവരോടുള്ള അവഗണന തുടരുകയാണെന്നും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നരകയാതനയാണ് അനുഭവിക്കേണ്ടി വരുന്നത്. കുടിവെള്ളം പോലും കിട്ടാതെ കുഞ്ഞു മാളികപ്പുറം കുഴഞ്ഞുവീണ് മരിക്കുന്ന സാഹചര്യം പോലുമുണ്ടായി എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഹോട്ടല്‍ ലോബിക്ക് വേണ്ടി അയ്യപ്പഭക്തൻമാര്‍ക്ക് അന്നദാനവും കുടിവെള്ളവും നല്‍കിയിരുന്ന സന്നദ്ധ സംഘടനകളെ സര്‍ക്കാര്‍ വിലക്കിയതിൻ്റെ ഫലമാണ് ഇപ്പോള്‍ ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സാഹചര്യമുണ്ടായത്. നവകേരള സദസ് നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമല തീര്‍ത്ഥാടനം അലങ്കോലമായതിനെ പറ്റി സംസാരിക്കുന്നില്ല. ഒരു മന്ത്രിയേയോ അല്ലെങ്കില്‍ ഉദ്യോഗസ്ഥനെയോ സന്നിധാനത്തിലേക്ക് അയക്കാനോ മുഖ്യമന്ത്രി തയ്യാറാവുന്നില്ല.
also read : 'ശബരിമലയിൽ ഗുരുതര കൃത്യവിലോപം, മന്ത്രിമാര്‍ ടൂറിലാണ്': വിഡി സതീശൻ
പരിചയമില്ലാത്ത പൊലീസുകാരെ പതിനെട്ടാംപടിയില്‍ നിയമിച്ചത് ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കാൻ കാരണമായി. മിനുട്ടില്‍ 80 മുതല്‍ 100 വരെ അയ്യപ്പൻമാരെ പതിനെട്ടാംപടി കയറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 40 പേരെയൊക്കെയാണ് കയറ്റുന്നത്. പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ നടക്കുന്ന ശീതസമരമാണ് യഥാര്‍ത്ഥ പ്രശ്‌നത്തിന് കാരണം. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊന്നും സന്നിധാനത്തില്ല. കാത്തിരിപ്പ് കേന്ദ്രങ്ങളും വിശ്രമ മന്ദിരങ്ങളുമില്ല. മാളികപ്പുറങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. പമ്പയും നിലയ്ക്കലും സന്ദര്‍ശിച്ച ബി.ജെ.പി സംഘം സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തതും അടിസ്ഥാന പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.
ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഒരു മന്ത്രിയെ മുഴുവൻ സമയം അവിടെ നിയോഗിക്കണം. വിദഗ്‌ദ ഉദ്യോഗസ്ഥന്മാരുടെ സംഘത്തെ അടിയന്തിരമായി അയയ്ക്കണം. പരിശീലനം സിദ്ധിച്ച ആള്‍ക്കാരുടെ സഹായം തേടാൻ പൊലീസ് തയാറാകണം. ഇതിനായി റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്നെ നിയോഗിക്കണം. സര്‍ക്കാര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഉന്നതതല സംഘത്തെ അയയ്ക്കണം. നിരുത്തരവാദപരമായ സമീപനം മാറ്റാതെ ഇനിയും ഇത് തുടര്‍ന്നാല്‍ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും തീര്‍ത്ഥാടന കാലത്ത് ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമരം വേണ്ടെന്ന് കരുതിയതാണെന്നും എന്നാൽ ഇപ്പോള്‍ അതിന് നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.