പത്തനംതിട്ട :സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സർക്കാർ കയ്യേറുന്നുവെന്ന റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ. ക്ഷേത്ര സ്വത്തുക്കളുടെയും വരുമാനത്തിൻ്റെയും ദൈനംദിന ചെലവുകളുടെയും അവസ്ഥ മനസ്സിലാക്കാതെ നടത്തുന്ന ഇത്തരം പ്രചരണം അമ്പലങ്ങളെ തകർക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള 1251 ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ബോർഡിൻ്റെ കേന്ദ്രീകൃത ഫണ്ടിലേക്കാണ് വന്നുചേരുന്നത്. ദേവസ്വം ബോർഡിൻ്റെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്ഷേത്രമായ ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള വരുമാനവും ഇതിൽപ്പെടും. ഈ കേന്ദ്രീകൃത ഫണ്ടിൽ നിന്നാണ് ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകൾക്കായി പണം നൽകുന്നത്.
സർക്കാർ സഹായം : ഇത് കൂടാതെ ദേവസ്വം ബോർഡിലെ ഓഫിസുകളിലും അമ്പലങ്ങളിലുമായി ജോലി നോക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതും ഈ ഫണ്ടിൽ നിന്നാണ്. ക്ഷേത്രങ്ങളിൽ നിന്ന് ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ലെന്ന സത്യം അറിയാവുന്നവർ തന്നെയാണ് ബഹുഭൂരിപക്ഷം ക്ഷേത്ര വിശ്വാസികളും.
പ്രളയ സമയത്തും കൊവിഡ് മഹാമാരിയെ തുടർന്നും മാസങ്ങളോളം ഭക്തർക്ക് മുന്നിൽ ക്ഷേത്രങ്ങൾ അടച്ചിട്ട കാലത്തും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ശബരിമല ക്ഷേത്രത്തെയും സർക്കാർ കൈയ്യയച്ചാണ് സഹായിച്ചത്. 2018 മുതൽ ഇതുവരെ 140 കോടി രൂപയാണ് സംസ്ഥാന സർക്കാരിൽ നിന്ന് സഹായമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത്.
ശബരിമലയ്ക്ക് 30 കോടി :ശബരിമല മാസ്റ്റർ പ്ലാൻ നടത്തിപ്പിനായി ബഡ്ജറ്റുകളിൽ തുക വകയിരുത്തുന്ന സർക്കാർ ഈ വർഷത്തെ ബഡ്ജറ്റിൽ ശബരിമല വികസനത്തിനായി 30 കോടി രൂപയാണ് നീക്കിവച്ചത്. വർഷംതോറും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗ്രാന്‍ഡായി നൽകേണ്ട 80 ലക്ഷം രൂപയും മുടക്കം വരാതെ സർക്കാരില്‍ നിന്ന് ലഭിക്കുന്നുമുണ്ട്.
ഈ സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ ക്ഷേത്രങ്ങളുടെ നവീകരണത്തിനും ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനത്തിനും സർക്കാർ പ്രത്യേക പരിഗണനയാണ് നൽകി വരുന്നത്. ശബരിമലയിൽ എത്തിച്ചേരുന്ന അയ്യപ്പ ഭക്തര്‍ക്കായി ഇടത്താവളങ്ങൾ നിർമിക്കുന്നതിനും അവ നവീകരിക്കുന്നതിനും കോടികൾ ആണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.