പത്തനംതിട്ട: പറയത്തക്ക വലിയ രുചിയൊന്നുമില്ലാത്ത പഴമെന്നാണ് ബ്രിട്ടീഷുകാർ ചക്കയെ വിശേഷിപ്പിച്ചത്. എന്നാൽ ചക്കയിന്ന് വെറും ചക്കയല്ല. കേരളത്തിന്‍റെ ഔദ്യോഗിക ഫലമാണ്. മാത്രവുമല്ല ചക്കയിൽ നിന്നുണ്ടാക്കുന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ചക്കയുടെ മാഹാത്മ്യം കൂട്ടുകയാണ്. മലയാളിയുടെ ഭക്ഷണക്രമത്തിൽ ചക്കയുടെ സ്ഥാനമിന്ന് വലുതാണ്. 10 കിലോ ഭാരമുളള ഒരു ചക്കയിൽ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവർദ്ധിത ഉൽപ്പന്നം നിർമ്മിക്കാവുന്നതാണ്.
ചക്ക പഴയ ചക്കയല്ല; രുചിയേറുന്ന ചക്ക മാഹാത്മ്യം - തേൻ വരിക്ക
10 കിലോ ഭാരമുളള ഒരു ചക്കയില്‍ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവർദ്ധിത ഉൽപ്പന്നം നിർമ്മിക്കാവുന്നതാണ്. ചക്ക ഇന്ന് മലയാളികൾക്കിടയിലും ഇന്ത്യയിലും ഒന്നാം നമ്പർ മൂല്യവർദ്ധിത ഉത്പന്നമായി മാറി കൊണ്ടിരിക്കുകയാണ്.
പായസം, ഉണ്ണിയപ്പം, ഹൽവ, പുട്ടുപൊടി, തോരൻ, ചക്കപ്പുഴുക്ക്, ഇടിയൻചക്ക, ചക്കവരട്ടി, ചമ്മന്തിപൊടി, അച്ചപ്പം, പപ്പടം, കൊണ്ടാട്ടം, ചക്കമടൽ അച്ചാർ, സ്ക്വാഷ്, ജാക്ക് ഫ്രൂട്ട് കുക്കീസ് എന്നിവയെല്ലാം ചക്ക കൊണ്ട് ഉണ്ടാക്കുന്നുണ്ട്. ചക്കക്കുരു ചമ്മന്തി, ചക്കക്കുരു അച്ചാർ, ചക്കക്കുരുകോഫി, ചക്ക ജാം, ചക്ക സിറപ്പ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. മലേഷ്യൻ ജെ-33, നിന്നിക്കല്ല് ഡ്വാർഫ് , ജാക്ക് ഡ്വാൻ സൂര്യ, പശ്ചിമബംഗാളിൽ നിന്നുള്ള സിന്ദൂരം ചുവപ്പ്, പിങ്ക് ഇനങ്ങൾ, റോസ് വരിക്ക, ഗംലെസ്സ്, ഓൾ സീസൺ പ്ലാവ്, തേൻ വരിക്ക, തായ്‌ലന്‍ഡ് പ്ലാവ്, ദുരിയാൻ തുടങ്ങി പടർന്ന് പന്തലിക്കാത്തതും മൂന്ന് മുതൽ നാല് വർഷം കൊണ്ട് വിളവ് ലഭിക്കുന്നതുമായ പ്ലാവിനങ്ങൾ ഇന്ന് ലഭ്യമാണ്.
ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രചാരത്തിനായി ധാരാളം ചക്ക മഹോത്സവങ്ങൾ ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്നുണ്ട്.