പത്തനംതിട്ട: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ഐസുലേഷനില്‍ 14 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസുലേഷനില്‍ ആറ് പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. പുതിയതായി മൂന്ന് പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 33 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 1254 പേര്‍ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച ശേഖരിച്ച അഞ്ച് സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 99 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ ഒമ്പത് എണ്ണം പൊസിറ്റീവും 51 എണ്ണം നെഗറ്റീവുമാണ്. 12 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരില്‍ ശേഖരിച്ച സാമ്പിളുകള്‍ രണ്ടാം തവണ പരിശോധനക്ക് അയച്ചപ്പോള്‍ ഫലം പൊസിറ്റീവാണ്.
വിദേശത്ത് നിന്നും തിരിച്ചെത്തിയ 788 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുളളവരെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിങിന് വിധേയമാക്കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ആറ് പേരെ നിര്‍ബന്ധിത ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗപ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പിലെ ബ്ലോക്കുതല ആരോഗ്യ നോഡൽ ഓഫീസർമാർക്ക് പരിശീലനം നൽകി. ജില്ലയിലെ പത്ത് ആരോഗ്യ ബ്ലോക്കുകളിലും കൊവിഡ് 19 നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്‍റെ ചുമതല നൽകിയിട്ടുള്ള മെഡിക്കൽ ഓഫീസർമാർക്കായിരുന്നു പരിശീലനം. ജില്ലയിലെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും പരിശീലനങ്ങള്‍ നടന്നു.