പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാന്‍ ഉടൻ നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്ദഗോപന്‍ പറഞ്ഞു. ചോര്‍ച്ച പരിഹരിക്കാന്‍ സാങ്കേതികമായ ചില പ്രതിസന്ധികളുണ്ടെന്നും ശ്രീകോവിലിന്‍റെ മേല്‍കൂരയുടെ ഒരു ഭാഗം പൊളിച്ചാല്‍ മാത്രമെ ചോര്‍ച്ചയുടെ വ്യാപ്‌തി അറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെയും സ്പെഷല്‍ കമ്മിഷണറുടെയും സാന്നിധ്യത്തില്‍ മാത്രമെ ഇത് പൊളിക്കാന്‍ സാധിക്കൂവെന്നും അനന്ദഗോപന്‍ പറഞ്ഞു.
45 ദിവസത്തിനകം പരിഹാരപ്രക്രിയ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ശബരിമല ശ്രീകോവിലിന്‍റെ സ്വര്‍ണം പതിച്ച ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. ഈ ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങി ശ്രീകോവിലിന്‍റ് വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‌പങ്ങളിലേക്കാണ് പതിക്കുന്നത്.