പത്തനംതിട്ട : മകര ജ്യോതി തെളിയിക്കുന്ന അതീവ സുരക്ഷാമേഖലയായ ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് അനധികൃത പൂജ നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കുമളി ആനവിലാസം സ്വദേശി ചന്ദ്രശേഖരനെ (കണ്ണൻ) ആണ് കട്ടപ്പനയില്‍ നിന്ന് വനപാലകർ പിടികൂടിയത്. ഇയാളെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പൂജയ്‌ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയത് പിടിയിലായ ചന്ദ്രശേഖരനാണ്.
സംഭവത്തിൽ നേരത്തെ അറസ്റ്റിലായ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവർ റിമാൻഡിലാണ്. പണം കൈപ്പറ്റിയാണ് ഇവര്‍ നാരായണന്‍ നമ്പൂതിരിയെ സംരക്ഷിത വനംമേഖലയിലേക്ക് കയറ്റിവിട്ടത്.
ഇവരെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്‌തത്. ഇയാള്‍ കട്ടപ്പനയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പൊന്നമ്പലമേട് ഉള്‍പ്പെടുന്ന പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ അതിക്രമിച്ച് കയറിയതിന് വനം വകുപ്പ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂഴിയാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രദേശം. സംഭവത്തില്‍ പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
പ്രതിയായ നാരായണന് ക്രിമിനൽ പശ്ചാത്തലം:പൊന്നമ്പലമേട് റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന പ്രദേശമാണ്. അതീവ സുരക്ഷയുള്ള ഈ മേഖല ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. വനംവകുപ്പിന് നേരിട്ടാണ് പ്രദേശത്തെ സുരക്ഷ ചുമതല. ഇവിടെ നിന്ന് നോക്കിയാല്‍ ശബരിമല ക്ഷേത്രവും കാണാനാവും. പൊന്നമ്പലമേട്ടിൽ നടന്ന അനധികൃത പൂജ നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഡിജിപി, വനംവകുപ്പ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രതിയായ നാരായണനെതിരെ ഇതിന് മുൻപ് പലതരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നാണ് ലഭിക്കുന്ന വിവരം. മുൻപ് തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കീഴ്‌ശാന്തിയുടെ സഹായായി പ്രവർത്തിച്ചിരുന്ന സമയത്ത് പൂജയ്‌ക്ക് എത്തുന്ന ഭക്തർക്ക് വ്യാജ രസീതുകൾ നൽകി കബളിപ്പിച്ചതുൾപ്പെടെ പരാതികൾ ഇയാൾക്കെതിരെയുണ്ട് എന്നാണ് പൊലിസ് പറയുന്നത്.
പൂജ നടത്തിയത് പൊന്നമ്പലമേട്ടിൽ അല്ല പുൽമേട്ടിലെന്ന് പ്രതികൾ :അതേസമയം താൻ പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതായി പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്നാണ് പ്രതി നാരായണൻ നൽകിയ മൊഴി. പൊന്നമ്പലമേട്ടിൽ അല്ല പുൽമേട്ടിൽ ആണ് പൂജ നടത്തിയതെന്നും നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. ആ വീഡിയോ തനിക്കെതിരെ മറ്റാരോ മനപൂർവം ചെയ്‌തതാണെന്ന് നാരായണന്‍റെ വിശദീകരണം. താൻ കാലടിയിൽ നിന്ന് പൂജകൾ പഠിച്ച ആളാണെന്നും കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിക്കുമ്പോൾ ദേവസ്വം ബോർഡ് തന്നെ പുറത്താക്കിയതല്ലെന്നും നാരായണൻ പറഞ്ഞിരുന്നു.
Also Read: 'മരിച്ചുപോയവരെ വച്ച് വിലപേശി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം' ; കെസിബിസി നിലപാട് പ്രകോപനപരമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ