പത്തനംതിട്ട: ഭർത്താവിന്‍റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ കോടതിയെ സമീപിച്ച സ്‌ത്രീക്ക് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ മർദിച്ച ഭർത്താവ് അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടിൽ നൗഷാദ് (39) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ ഭാര്യ ഷെറീന ബീവി (36) തണ്ണിത്തോട് പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, ഇന്നലെ വൈകിട്ട് കോന്നിയിൽ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.
മർദനത്തിനും ഗാർഹിക പീഡനത്തിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. മൂർത്തിമൺ അംഗനവാടിയിൽ ഹെൽപ്പർ ആയി ജോലി നോക്കുന്ന ഷെറീന 17ഉം ഏഴും വയസ്സുള്ള മക്കളുമൊത്താണ് താമസിക്കുന്നത്. ഇവർ വീട്ടിൽ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴെട്ട് മാസമായി ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി കാണിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിക്ക്(2) മുമ്പാകെ ഇവർ ഹർജി ഫയൽ ചെയ്‌തിരുന്നു.
ഇതിന്മേൽ കോടതി ഷെറീനയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മൊഴിയിൽ പറയുന്നു. ശാരീകമായും മാനസികമായും ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അത് അറിഞ്ഞുകൊണ്ടുതന്നെ പ്രതി ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് കാട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. നാലുദിവസം മുമ്പ് ഡ്രൈവിങ് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞു പോയ നൗഷാദ് ചൊവ്വാഴ്ച്ച വെളുപ്പിന് വീട്ടിൽ തിരിച്ചെത്തി.
കതക് ചവുട്ടിത്തുറന്ന് അകത്തുകയറി ഷെറീനയെ കവിളുകളിലും നെറ്റിയിലും തലയ്ക്കും പലതവണ അടിക്കുകയായിരുന്നു. ഹാളിൽ കിടന്ന ഊണുമേശ തല്ലിപ്പൊട്ടിച്ച് വെളിയിൽ എറിഞ്ഞു. തുടര്‍ന്ന് ഇയാളുടെ അനുജൻ ഷഫീക് പിടിച്ചുമാറ്റുകയായിരുന്നു. നൗഷാദിനെ പേടിച്ച് അയൽവാസികൾ ആരും ബഹളവും വഴക്കും കേട്ടാലും തിരിഞ്ഞുനോക്കാറില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
വൈകിട്ട് മൂന്നരയോടെ കോന്നിയിൽ നിന്നും പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. കുറ്റം സമ്മതിച്ച ഇയാളെ അഞ്ച് മണിക്ക് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്‌തു. എസ് ഐ ഷെരീഫ് കുമാറിന്‍റെ നേതൃത്വത്തിലാണ് കേസിന്‍റെ അന്വേഷണം നടക്കുന്നത്.