പത്തനംതിട്ട :ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും (16.10.2022) തുടരും. ഭഗവല്‍ സിങ്ങിനെ പത്തനംതിട്ടയിലും മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സ്ത്രീകളെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ചാകും ഭഗവല്‍ സിങ്ങിന്‍റെ ഇന്നത്തെ തെളിവെടുപ്പ്.
ഇന്നലെ (15.10.2022) പ്രതികളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ച് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട പത്മ, റോസ്‌ലി എന്നിവരുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങള്‍, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും.
കൊല്ലപ്പെട്ടവരുടെ ശരീരം ശാസ്ത്രീയമായാണ് മുറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭഗവൽ സിങ്ങിന്‍റെ വീടിനുള്ളിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ടേബിൾ കണ്ടെത്തി. ഇതിൽ കിടത്തിയാണ് കൃത്യം നിർവഹിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
പ്രതി ഷാഫി മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്യുന്ന വിദഗ്‌ധനൊപ്പം സഹായിയായി പോയിട്ടുണ്ടെന്നും ഈ പരിചയത്തിലാണ് മനുഷ്യന്‍റെ ശരീര ഘടന മനസിലാക്കി പ്രതികള്‍ കൊലപ്പെടുത്തിയ സ്ത്രീകളുടെ ശരീരങ്ങൾ മുറിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് സ്ത്രീകളുടെയും ശരീരങ്ങള്‍ മുറിക്കാന്‍ പുതിയ കത്തിയാണ് ഉപയോഗിച്ചത്. അതിനിടെ ഇരകളെ കൊന്ന് മാംസം ഭക്ഷിച്ചതായി പ്രതികള്‍ സമ്മതിച്ചു. ലൈല ഒഴികെ മറ്റ് രണ്ട് പേരും മനുഷ്യ മാംസം കറിവച്ച് കഴിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്‌തത്.