പത്തനംതിട്ട : പൊലീസിൻ്റെ ക്രൂരമർദനത്തെ തുടർന്നാണ് കലഞ്ഞൂർ നൗഷാദിനെ കൊലപ്പെടുത്തി എന്ന പറഞ്ഞതെന്ന് ഭാര്യ അഫ്‌സാന വെളിപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.
ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. പൊലീസ് ക്രൂരമായി മർദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്‌സാന വെളിപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊന്നുകുഴിച്ചുമൂടി എന്ന് മൊഴി, പിന്നാലെ നൗഷാദിനെ കണ്ടെത്തി പൊലീസ് : നൗഷാദിനെ താൻ കൊന്നുകുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നൽകിയ മൊഴി. സുഹൃത്തിന്‍റെ സഹായത്തോടെ മൃതദേഹം ഗൂഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നും അഫ്‌സാന മൊഴി നല്‍കി. തന്‍റെ പെട്ടി ഓട്ടോയില്‍ നൗഷാദിന്‍റെ മൃതദേഹം കൊണ്ടുപോയി എന്ന് അഫ്‌സാന പറയുന്നത് പച്ചക്കള്ളമാണെന്ന് സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്‌ത നസീർ പറഞ്ഞിരുന്നു.
കലഞ്ഞൂർ വണ്ടണി പടിഞ്ഞാറ്റേതിൽ വീട്ടിൽ അഷറഫിന്‍റെ മകൻ നൗഷാദിനെ ഒന്നര വർഷം മുൻപാണ് കാണാതായത്. തുടർന്ന് മകനെ കാണാനില്ലെന്ന പിതാവിന്‍റെ പരാതി പ്രകാരം കൂടൽ പൊലീസ് നൗഷാദിന്‍റെ തിരോധാനത്തിൽ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറ പള്ളിക്ക് സമീപത്തുള്ള വീട്ടിൽ അഫ്‌സാനയും കുട്ടികളുമൊത്ത് വാടകയ്ക്ക് താമസിക്കുന്നതിനിടെ 2021 നവംബർ ഒന്ന് മുതൽ നൗഷാദിനെ കാണാതാവുകയായിരുന്നു.
2022 ജൂലൈ 27ന് നൗഷാദിന്‍റെ ഭാര്യ അഫ്‌സാനയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോൾ, ഭർത്താവിനെ താൻ കൊന്നു എന്ന് യുവതി മൊഴി നൽകുകയായിരുന്നു. പക്ഷേ, മൂന്ന് ദിവസം മുമ്പ് ഇവർ നൗഷാദിനെ അടൂരില്‍ വച്ച് കണ്ടു എന്ന് സ്‌റ്റേഷനിൽ അറിയിച്ചതിനെ തുടർന്നായിരുന്നു അഫ്‌സാനയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.