പത്തനംതിട്ട :അച്ഛനും മകനും കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ സംഭവത്തിൽ പ്രതിയെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് അത്തിക്കയം പൊന്നംപാറയിൽ കിഴക്കേചരുവിൽ വീട്ടിൽ സുകുമാരനെയും മകൻ സുനിൽ കുമാറിനെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കക്കൊടുമൺ പൊന്നംപാറ വാവോലിൽ വീട്ടിൽ പ്രസാദ് (47) നെയാണ് വെള്ളിയാഴ്ച രാത്രി 9.30 ന് പഞ്ചാരമുക്കിൽ നിന്നും പെരുനാട് പൊലീസ് പിടികൂടിയത്.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോഴിയുടെ അവശിഷ്ടം പൂച്ച വീട്ടിൽ കൊണ്ടിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു അക്രമം. വ്യാഴാഴ്ച രാത്രി ഏട്ടരയോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് മുറ്റത്തു നിന്ന ഇരുവരെയും പ്രതി തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത് (Hitting head with a iron rod accused arrested in pathanamthitta).
അയൽവാസിയായ സ്ത്രീ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് അവരുടെ മൊഴി പ്രകാരം പെരുനാട് പൊലീസ് ഇൻസ്പെക്ടർ യു. രാജിവ് കുമാർ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലാണ് അറസ്റ്റ്. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. തുടർന്ന് നടന്ന ഊർജ്ജിതമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ സ്ത്രീ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലെ 10 മണിക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്തതിൽ, ആക്രമണത്തിന് ഉപയോഗിച്ച കമ്പിവടി ഇയാളുടെ വീടിന് സമീപമുള്ള കിണറ്റിൽ ഇട്ടിട്ടുണ്ടെന്ന് സമ്മതിച്ചു.
ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെയും മറ്റും സാന്നിധ്യത്തിൽ പൊലീസ് കിണറ്റിൽ നിന്നും കമ്പിവടി കണ്ടെടുത്തു. റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കഠിന ദേഹോപദ്രവ കേസ് ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രസാദ്.