ഹയര്‍സെക്കന്‍ററി ഫലം; പത്തനംതിട്ടയുടെ നേട്ടം കൈത്താങ്ങ് പദ്ധതിയിലൂടെ - പത്തനംതിട്ട വാര്‍ത്തകള്‍
ഒമ്പത് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ ഏറ്റവും പിന്നിലായി പതിനാലാം സ്ഥാനത്തായിരുന്നു പത്തനംതിട്ട ജില്ല. ഇത്തവണ ജില്ല പതിനൊന്നാമതെത്തി.
![ഹയര്‍സെക്കന്‍ററി ഫലം; പത്തനംതിട്ടയുടെ നേട്ടം കൈത്താങ്ങ് പദ്ധതിയിലൂടെ Higher secondary result Pathanamthitta's achievement through the Kaithang project Pathanamthitta news പത്തനംതിട്ട വാര്‍ത്തകള്‍ ഹയര്‍ സെക്കന്‍ററി ഫലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8042336-thumbnail-3x2-g.jpg)
പത്തനംതിട്ട:ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വന്നപ്പോള്‍ കൈത്താങ്ങ് പദ്ധതിയുടെ ബലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് വലിയ മുന്നേറ്റം. സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള കണക്കില്‍ 14-ാം സ്ഥാനത്ത് നിന്നും 11ലേക്ക് പത്തനംതിട്ട കുതിച്ചു. ഒമ്പത് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ ഏറ്റവും പിന്നിലായി പതിനാലാം സ്ഥാനത്തായിരുന്നു പത്തനംതിട്ട ജില്ല. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഡയറ്റിന്‍റെ സഹകരണത്തോടെ ജില്ലയുടെ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി കൈത്താങ്ങ് എന്ന പദ്ധതി നടപ്പിലാക്കുകയായിരുന്നു. ജില്ലാപഞ്ചായത്തിനും ഡയറ്റിനും അധ്യാപകര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പരിശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോഴാണ് 82.74ശതമാനം വിജയം നേടി 11-ാം സ്ഥാനത്തെത്തിയത്. 12524 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 10362 കുട്ടികള്‍ വിജയിച്ചു. 585 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും പിന്നില്‍ കാസര്‍കോട് ജില്ലയാണ് ( 78.68%) അതിനു മുകളില്‍ പാലക്കാട് ജില്ല (80.29 %). 12-ാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ് (82.46%). എസ്എസ്എല്‍സി പരീക്ഷാ ഫലം വരുമ്പോള്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം പത്തനംതിട്ട ജില്ലയ്ക്കാണ്. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ 14 സ്ഥാനവും ആയിരുന്നു.