പത്തനംതിട്ട:കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യു.ഡി മിഷൻ ടീം യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു ഐ.എ.എസിന്‍റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചത്.
മൂന്ന് ചീഫ് എഞ്ചിനിയർമാർ കൂടി ഉൾപ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ നേരിട്ട് എത്തി വിലയിരുത്തും. നിലവിലുള്ള ശബരിമല റോഡ് നിർമാണ പ്രവർത്തനങ്ങളെ കാലവർഷം ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.