പത്തനംതിട്ട: കീടനാശിനിയുള്ള ഏലക്ക ഉപയോഗിച്ചുണ്ടാക്കിയ അരവണ വിതരണം ഹൈക്കോടതി തടഞ്ഞു. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായതിലും കൂടുതൽ അളവിൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ശബരിമലയിൽ അരവണ വിതരണം നിർത്തിവച്ചു. ഏലയ്ക്ക ഇല്ലാത്ത അരവണ ശബരിമലയിൽ നാളെ മുതൽ വിതരണം ചെയ്യും.
സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. അരവണയുടെ സാംപിള്‍ പരിശോധിക്കുകയും ചെയ്യണം. നല്ല ഏലക്ക കിട്ടിയില്ലെങ്കില്‍ ഏലക്ക ഇല്ലാതെയും അരവണ ഉണ്ടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല അരവണ പായസത്തിൽ ഏലക്ക ചേർക്കാതെ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപൻ അറിയിച്ചു.
ശബരിമലയിൽ ദർശനം നടത്തുന്ന ഭക്തർക്ക് അരവണ പായസം കൂടി ലഭ്യമായാല്‍ മാത്രമെ പൂർണ തൃപ്‌തി വരൂ. മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ അരവണ വിതരണം കൃത്യമായി നടത്തുവാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇന്ന് രാത്രി തന്നെ ഏലക്ക ഉപയോഗിക്കാതെ അരവണ നിർമാണം ആരംഭിക്കുമെന്നും നാളെ മുതൽ അത് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാനാവുമെന്നും അഡ്വ.കെ. അനന്തഗോപൻ പറഞ്ഞു. ജൈവ ഏലക്ക ലഭ്യമാകുന്ന മുറയ്ക്ക് പിന്നീട് അരവണയിൽ ചേർത്ത് ഭക്തർക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടതോടെ വിതരണം തടഞ്ഞ് കോടതി:തിരുവനന്തപുരത്തെ സർക്കാർ ലാബിലും ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും ശബരിമലയിൽ അരവണ നിർമാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ ഏലയ്ക്ക ഉപയോഗിച്ച് നിർമിച്ച അരവണയുടെ വിതരണം നിർത്താൻ ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്. ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി. അരവണ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
സുരക്ഷ 'മുഖ്യം':ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേർന്ന അരവണ വിതരണം ചെയ്യുന്നില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യ സുരക്ഷ ഓഫിസർ ഉറപ്പ് വരുത്തണമെന്ന് കോടതി അറിയിച്ചു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ ഏലയ്ക്ക ഇല്ലാതെയോ ദേവസ്വം ബോർഡിന് അരവണ നിർമിക്കാമെന്നും ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ജസ്‌റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
സംഗതി 'ചില്ലറക്കാര്യമല്ല': അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി രണ്ട് തവണ ഏലയ്ക്ക സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ഇന്ന് ഹർജി പരിഗണിക്കവെ തീർഥാടകരുടെ താത്‌പര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ നിർമാണം ചെറിയ വിഷയമായി കാണാനാവില്ലെന്ന് ഓർമിപ്പിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്നും കോടതി വിലയിരുത്തി.
ഭക്ഷ്യപദാർത്ഥങ്ങളിലെ വിഷാംശം കേരളം നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമായി മാറിയെന്നും കോടതി വാക്കാൽ പറഞ്ഞു. രണ്ടാഴ്‌ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും ഹർജി പരിഗണിക്കും. ഏലയ്ക്കയിൽ 14 ഇന കീടനാശിനികളുടെ സാന്നിധ്യം പരിധിയിൽ കൂടുതലാണെന്നായിരുന്നു സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയത്.